അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാകുമെമെന്ന വാഗ്ദാനവുമായി മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് കാറുകളുടെ മാത്രമല്ല, ബാറ്ററിയിൽ ഓടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നു മന്ത്രി പറയുന്നു. നിലവിൽ പെട്രോൾ എൻജിൻ വാഹനങ്ങൾ ലഭിക്കുന്ന അതേ വിലനിലവാരത്തിൽ ഇവികളും വിൽപനയ്ക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് ഗഡ്കരി പറയുന്നത്. ഇറക്കുമതിക്കു പകരം, പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണ വിമുക്തവുമായ പ്രാദേശിക നിർമാണമാണ് കേന്ദ്ര സർക്കാർ നയമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ജൂണിലും നിതിൻ ഗഡ്കരി സമാന പ്രസ്താവന നടത്തിയിരുന്നു.
പെട്രോൾ, ഡീസൽ വിലക്കയറ്റം രാജ്യത്തു രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യം തന്നെ ഇതിന് ഉദാഹരണമാണെന്നും ഗഡ്‌കരി ചൂണ്ടിക്കാട്ടി. പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം ഹരിത ഹൈഡ്രജൻ, വൈദ്യുതി, എഥനോൾ, മെഥനോൾ, ജൈവ ഡീസൽ, ജൈവ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി), ജൈവ സമർദിത പ്രകൃതി വാതകം (സിഎൻജി) തുടങ്ങിയ ബദൽ മാർഗങ്ങൾ തേടുകയാണു പരിഹാരമെന്നും സർക്കാർ ആ വഴിക്കാണു നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ 2022ൽ ഏകദേശം 17 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ വിറ്റഴിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 800 ശതമാനം വർധിച്ചു. 2022വരെ രാജ്യത്ത് ഏകദേശം 17 ലക്ഷം ഇ.വികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് 1.5 ലക്ഷം യാത്രാ ബസുകളുണ്ട്. അതിൽ 93 ശതമാനം ഡീസൽ ഉപയോഗിച്ചാണ് ഓടുന്നത്, പലതും കാലഹരണപ്പെട്ടതും അനുയോജ്യമല്ലാത്തതുമാണ്. സീറോ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഈ ബസുകളെല്ലാം ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
സമീപഭാവിയിൽ തന്നെ ഹൈഡ്രജൻ കാറുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കും. ബ്ലാക്ക് ഹൈഡ്രജൻ, ബ്രൗൺ ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നീ മൂന്ന് പ്രക്രിയകളാണ് നിലവിൽ ഹൈഡ്രജൻ നിർമിക്കാൻ ഉപയോഗിക്കുന്നത്. കറുത്ത ഹൈഡ്രജൻ സൃഷ്ടിക്കുന്നതിന് കൽക്കരി ആവശ്യമാണ്. ബ്രൗൺ ഹൈഡ്രജൻ സൃഷ്ടിക്കാൻ പെട്രോളും ഗ്രീൻ ഹൈഡ്രജൻ നിർമിക്കാൻ വെള്ളവും വേണം. ജ്വലന ഇന്ധനങ്ങൾക്ക് പലതരം ബദലുകൾ സർക്കാർ ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.