ഫെരാരിയുടെ ഫോർമുല വൺ ഡ്രൈവർ അക്കാദമിയിലേക്ക് ആദ്യമായൊരു വനിതയെ ഉൾപ്പെടുത്തി. 16 കാരിയായ ഡച്ച് ഗോ-കാർട്ടർ മായ വെഗുമായാണ് വെള്ളിയാഴ്ച ഫെരാരി കരാർ ഒപ്പിട്ടത്.ഫെരാരി നടത്തിയ അഞ്ച് ദിവസത്തെ സ്കൗട്ടിംഗ് ക്യാമ്പിലെ വിജയിയായിരുന്നു മായ. ഇറ്റാലിയൻ ടീമിന്‍റെ മാരനെല്ലോ ആസ്ഥാനത്തും ഫിയോറാനോ ടെസ്റ്റ് ട്രാക്കിലുമായി നടന്ന ക്യാമ്പിൽ മികച്ച പ്രകടനമാണ് മായ നടത്തിയത്.
ഫോർമുല ഫോർ ചാമ്പ്യൻഷിപ്പിൽ ഒരു സീസണിൽ ഫെരാരിയോടൊപ്പം മായ പങ്കെടുക്കും. 'ഫെരാരിയുടെയും അക്കാദമിയുടെയും ചരിത്രത്തിലെ സുപ്രധാന നിമിഷമാണിത്'- ഫോർമുല വൺ ടീം തലവൻ മാറ്റിയ ബിനോട്ടോ പ്രസ്താവനയിൽ പറഞ്ഞു.'മോട്ടോർസ്പോർട്ടിനെ കൂടുതൽ ഇൻക്ലൂസീവ് ആക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ വ്യക്തമായ സൂചനയാണ് മായയുടെ വരവ്'-അദ്ദേഹം കൂട്ടിച്ചേർത്തു. 1976ൽ ഇറ്റാലിയൻ വനിതാ ഡ്രൈവർ ലെല്ല ലോംബാർഡി ഫോർമുല വണ്ണിൽ മത്സരിച്ചതിനുശേഷം ഒരു വനിതാ ഡ്രൈവർ ഗ്രാൻഡ് പ്രീയിൽ എത്തിയിരുന്നില്ല.
നാല് വനിതാ ഫൈനലിസ്റ്റുകളിൽ ഒരാൾ ഒരു പ്രത്യേക വിഭാഗത്തിൽ സ്കൗട്ടിംഗ് ക്യാമ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്ക് നേടിയതായും അക്കാദമി മാനേജർ മാർക്കോ മാറ്റാസ പറഞ്ഞു. 'ഗേൾസ് ഓൺ ട്രാക്ക്-റൈസിംഗ് സ്റ്റാർസ്' പ്രോഗ്രാമിൽ 12-16 വയസ്സ് പ്രായമുള്ള 20 ഡ്രൈവർമാരെ ദേശീയ മോട്ടോർസ്പോർട്ട് അധികൃതർ ഉൾപ്പെടുത്തിയിരുന്നു. ഡച്ചുകാരനായ പിതാവിനും ബെൽജിയംകാരിയായ മാതാവിനുമൊപ്പമാണ് മായ വെഗ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.