ജനിച്ച നാൾ മുതൽ അംന അൽ ഖുബൈസി കണ്ട് വളർന്നത് റേസിങ് ട്രാക്കാണ്. യു.എ.ഇയിലെ മോട്ടോർ സ്പോർട്സ് ഐക്കൺ ഖലിസ് അൽ ഖുബൈസിയുടെ മകൾ ട്രാക്കിലിറങ്ങിയില്ലെങ്കിലേ അത്ഭുദമുള്ളൂ. എന്നാൽ, ഈ അത്ഭുദങ്ങൾക്കുമപ്പുറത്താണ് അംനയുടെ കാർ പായുന്നത്. ഫോർമുലവൺ ഇ ടെസ്റ്റിന്റെ ഭാഗമായ ആദ്യ ഇമാറാത്തിയായ അംന ഫ്രാൻസിലെ പ്രശസ്തമായ ലെ മാൻസ് റേസിൽ 24 മണിക്കൂർ പൂർത്തിയാക്കിയ ആദ്യ ഇമാറാത്തി എന്ന നേട്ടവും സ്വന്തമാക്കി.
21 വയസിനിടെ ഒരുപിടി നേട്ടവുമായാണ് കുതികുതിപ്പ്. 14ാം വയസിലാണ് റേസിങ് ട്രാക്കിലേക്ക് സീരിയസായി ഇറങ്ങി തുടങ്ങിയത്. 2015 ൽ പോർച്ചുഗലിൽ നടന്ന ആർ.എം.സി ഗ്രാൻഡ് ഫൈനലിൽ പങ്കെടുക്കുമ്പോൾ ഒരു അന്താരാഷ്ട്ര മോട്ടോർസ്പോർട്ട് ഇവന്റിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്ന ആദ്യ ഇമാറാത്തി വനിതാ ഡ്രൈവറായി. പുരുഷൻമാർക്ക് മാത്രം കഴിയുന്ന മേഖലയെന്ന് കരുതിയിരുന്ന റേസിങിലേക്ക് പിതാവിന്റെ വഴിയെ അംനയും എത്തുകയായിരുന്നു.
റേസിങ് ട്രാക്കിൽ 'പറക്കും വനിത' എന്ന പേരിലാണ് അറിയപ്പെടുന്നത്. പുരുഷൻമാർക്കൊപ്പം മത്സരിക്കാൻ തുനിഞ്ഞെങ്കിലും പല തവണ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. എന്നിട്ടും ചോരാത്ത പോരാട്ട വീര്യമാണ് അവളിലെ കായികതാരത്തെ വളർത്തിയെടുത്തത്. 2017ലെ ജി.സി.സി ഡ്രൈവേഴ്സ് അക്കാദമി കോംപറ്റീഷനിൽ വിജയിച്ച ആദ്യ വനിതയായി. അന്ന് പ്രായം 17 മാത്രം. 2018ലെ ഇറ്റാലിയൻ എഫ് ഫോർ ചാമ്പ്യൻഷിപ്പിലും മുന്നിലെത്തി. 2019ൽ ഫോർമുല 4 യു.എ.ഇ റേസിൽ വിജയിച്ചു. ഫ്യൂച്ചർ ഈസ് ഫീമെയിൽ എന്ന തലക്കെട്ടിൽ നടന്ന ഗ്ലോബൽ സ്പീക്കർ സീരീസിൽ അറബ് വനിതകളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
ഇമാറാത്തി പൈലറ്റ് സൽമ അൽ ബലൂഷിക്കും ഫാഷൻ ഇൻഫ്ലുവൻസർ റാനിയ ഹമ്മദിനുമൊപ്പമായിരുന്നു അംനയും ഇടംപിടിച്ചത്. പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അവളായിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷത്തോളം ഫോളോവേഴ്സുള്ള താരം കൂടിയാണ്. കുഞ്ഞുനാളിൽ താൽപര്യം ജിംനാസ്റ്റിക്സിനോടായിരുന്നു. വേൾഡ് ചാമ്പ്യൻ ഷോൺ ജോൺസണായിരുന്നു ഹീറോ. ഏറ്റവും വലിയ പ്രചോദനം പിതാവാണെന്ന് അംന പറയുന്നു. സഹോദരി ഹംദ അൽ ഖുബൈസിയും ഈ വഴിയിൽ തന്നെയാണ്.
ആദ്യ നാളുകളിലെ പരാജയങ്ങളിൽ സോഷ്യൽ മീഡിയ വഴി ലഭിച്ച നെഗറ്റീവ് അഭിപ്രായങ്ങൾ തന്നെ തളർത്തിയിരുന്നെന്നും എന്നാൽ, റേസിങ് സമയങ്ങളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതോടെയാണ് ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. 2000 മാർച്ച് 28ന് വാഷിങ്ടണിലെ വിർജിനിയയിലാണ് ജനനം. അബൂദബി റേസിങ് ബൈ പ്രെമയുടെ താരമായ അംനയുടെ കാർ നമ്പർ 88 ആണ്. കാർട്ടിങിലും ജിംനാസ്റ്റിക്സിലും ജെറ്റ് സ്കിയിങ്ങിലുമെല്ലാം താരമാണ് അംന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.