പ്രണയ നഗരത്തിൽ​ വാഹനങ്ങളുടെ വേഗം 30 കിലോമീറ്റർ മാത്രം; നിയന്ത്രണങ്ങൾക്ക്​ കാരണം ഇതാണ്​

ലോകത്തി​െൻറ പ്രണയ തലസ്​ഥാനമെന്നാണ്​ ഫ്രാൻസിലെ പാരീസ്​ അറിയപ്പെടുന്നത്​. പൗരാണികതയും ചരിത്ര പ്രധാന്യവുംകൊണ്ട്​ ബിംബവത്​കരിക്കപ്പെട്ട നഗരംകൂടിയാണിത്​. നിലവിൽ പുറത്തുവരുന്ന വാർത്ത, പാരീസിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു എന്നതാണ്​. നഗരത്തിലെ മിക്ക തെരുവുകളിലും നിയമം ബാധകമായിരിക്കും. പാരീസിൽ മാത്രമല്ല ഫ്രാൻസിലുടനീളം നിരവധി നഗരങ്ങൾക്കും നിയമം ബാധകമാകുമെന്നാണ്​ സൂചന.


നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് ചുരുങ്ങിയത് 90 യൂറോ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്​. തിങ്കളാഴ്​ച മുതലാണ്​ നിയമം പ്രാബല്യത്തിൽ വന്നത്​. പൊലീസ്​ മാർഷലുകളെ നിയന്ത്രണത്തിൽ നിന്ന്​ ഒഴിവാക്കി​. അവരുടെ വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്റർ ആയി തുടരും.

നിയന്ത്രണത്തിന്​ കാരണം

വാഹനപ്പെരുപ്പമാണ്​ പാരീസ്​ അനുഭവിക്കുന്ന ഏറ്റവുംവലിയ പ്രശ്​നം. അപകടങ്ങൾ കുറയ്ക്കാനും നഗരത്തെ കൂടുതൽ കാൽനട സൗഹൃദമാക്കാനുമുള്ള ശ്രമത്തിലാണ് ഭരണകൂടം. സോഷ്യലിസ്റ്റ് മേയർ ആനി ഹിഡാൽഗോയുടെ കീഴിൽ, പാരീസ് നഗര സർക്കാർ ഇതിനകം നിരവധി തെരുവുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്​തിട്ടുണ്ട്​. നേരത്തേതന്നെ നഗരത്തിലെ 60 ശതമാനത്തോളം റോഡുകൾക്ക്​ 30 കിലോമീറ്റർ പരിധി നിശ്​ചയിച്ചിരുന്നു. ബൈക്കുകൾക്കുള്ള പ്രത്യേക പാതകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​.


കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ ഇടം നൽകുന്നതിനും അനുകൂലമാണ്​ മേയർ. സർവേകൾ അനുസരിച്ച്, പാരീസിലെ ഏറ്റവും തിരക്കേറിയ ചില തെരുവുകളിലെ വാഹനങ്ങളുടെ ശരാശരി വേഗത 16 കിലോമീറ്റർ മാത്രമാണ്​. പുതിയ തീരുമാനം ഫ്രഞ്ച് തലസ്ഥാനത്തെ വാഹന ഉടമകളിൽ വലിയൊരു വിഭാഗത്തെ അസ്വസ്​ഥരാക്കുന്നുണ്ട്​. നിയ​ന്ത്രണം കാരണം നിരക്ക് വർധിപ്പിക്കാനും അങ്ങിനെ ബിസിനസിനെ ബാധിക്കാനും ഇടയാക്കുമെന്ന് ടാക്​സി ഡ്രൈവർമാർ പറയുന്നു.

പാരീസ് കൂടാതെ മറ്റ് ഫ്രഞ്ച് നഗരങ്ങളായ ലില്ലെ, മോണ്ട്പെല്ലിയർ, ഗ്രെനോബിൾ, നാൻറസ്, റെന്നസ് തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹന വേഗത്​ 30 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്​. യൂറോപ്പി​െൻറ മറ്റ് ഭാഗങ്ങളായ സ്വിറ്റ്സർലൻഡിലെ ലൂസേൻ ഹാംബർഗ്, ബ്രെമെൻ, മ്യൂണിച്ച്, ബെർലിൻ തുടങ്ങിയ സ്​ഥലങ്ങളിലും വാഹനങ്ങൾക്ക് സമാനമായ വേഗപരിധിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.