തായ്‌വാനീസ് ഇ.വി കമ്പനി ഗൊഗോറോ ഇന്ത്യയിലേക്ക്​; അരങ്ങേറ്റം ഡിസംബർ 12ന്

ഇലക്​ട്രിക്​ സ്​കൂട്ടറുകളിലെ ക്രോസോവറുമായി തായ്‌വാനീസ് ഇ.വി കമ്പനി ഗൊഗോറോ ഇന്ത്യയിലേക്ക്. 2023 ഡിസംബർ 12-ന് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കും. അൽപ്പം ഓഫ്​റോഡിങ്ങും സാധ്യമാകുന്ന തരം സ്കൂട്ടറുകളാണ്​ ഗൊഗോറോ ഇന്ത്യയിൽ അവതരിപ്പിക്കുക.

ഈ വർഷം ഒക്ടോബറിൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്‌ത ഇലക്ട്രിക് സ്‌കൂട്ടറാണ് ഗൊഗോറോ ക്രോസ്ഓവർ. റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ്, കെടിഎം അഡ്വഞ്ചർ പോലുള്ള അഡ്വഞ്ചർ ബൈക്കുകൾ പോലെ ഓഫ്-റോഡിനും ഉതകുന്ന തരത്തിലുള്ള ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും ഇതെന്നാണ്​ സൂചന. കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നത്​.

26.6 Nm പീക്ക് ടോർക്കുള്ള 7 kW ഇലക്ട്രിക് മോട്ടോറാണ് അന്താരാഷ്ട്ര മോഡലിൽ വാഗ്‌ദാനം ചെയ്യുന്നത്. 100 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുള്ള 1.6 kWh സ്വാപ്പബിൾ ബാറ്ററി പാക്കുകളാണ് ഗൊഗോറോ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.

12 ഇഞ്ച് വീലുകൾ, മാക്‌സിസ് ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ സ്​കൂട്ടറിന്​ ലഭിക്കും. ഫോർക്ക് ഗെയ്‌റ്ററുകളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളുമാണ് മറ്റൊരു പ്രധാന സവിശേഷത. ബോഡി വർക്കിലുടനീളം കൂടുതൽ കറുത്ത പാനലുകൾ നൽകിയിരിക്കുന്നതും മനോഹരമാണ്. 1,400 മില്ലീമീറ്റർ വീൽബേസ് നീളമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടാവുക.


പരിഷ്ക്കരിച്ച സ്റ്റീൽ ട്യൂബുലാർ ഫ്രെയിമിലാണ് നിർമാണം. 220 mm ഫ്രണ്ട്, 180 mm പിൻ ഡിസ്കുകളാണ് ബ്രേക്കിങിനായി ഉപയോഗിക്കുന്നത്. വൈവിധ്യമാർന്ന സ്റ്റോറേജ് സ്പേസും വണ്ടിയുടെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോർഡിൽ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളർ ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.


ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) സ്റ്റാൻഡേർഡ് ആയി വരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ക്രൂസ് കൺട്രോൾ ഫീച്ചർ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്. 142 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നത്. ഇത് വിപണിയിലെ മുഖ്യ എതിരാളികളായ ഏഥർ 450X (170 mm), ടിവിഎസ് ഐക്യൂബ് (150 mm) എന്നിവയേക്കാൾ കുറവാണ്. ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് കൂടുതൽ അനുകൂലമാക്കാൻ ഗൊഗോറോ മാറ്റം വരുത്തുമെന്നാണ്​ സൂചന.

Tags:    
News Summary - Gogoro Crossover Electric Scooter India Launch On December 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.