2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ രാജ്യം വിടുന്നു. വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ് തീരുമാനത്തിന് പിന്നിൽ. 2010 ജൂലൈയിലാണ് ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്ഥാപിക്കുന്നത്. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത് ഹാർലിയാണ്.
മെയ്ക് ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ് ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ് വിറ്റത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
'ദി റിവയർ'
ആഗോളതലത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്ന പദ്ധതിയെ ഹാർലി വിളിക്കുന്നത് 'ദി റിവയർ' എന്നാണ്. ഹാർലി-ഡേവിഡ്സൺ പ്രസിഡൻറും ചെയർമാനും സിഇഒയുമായ ജോഷെൻ സീറ്റ്സ് രൂപപ്പെടുത്തിയ പദ്ധതിയിൽ വിവിധതരം പ്രവർത്തനങ്ങളാണുള്ളത്. ആഗോള ഡീലർഷിപ്പ് ശൃംഖല പുനഃസംഘടിപ്പിക്കുക, ചില അന്താരാഷ്ട്ര വിപണികളിൽ നിന്ന് പുറത്തുകടക്കുക, ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുനസംഘടന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തുടങ്ങി 12 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിെൻറ ഭാഗമായി ഇന്ത്യയിൽ ഹാർലി തങ്ങളുടെ ജീവനക്കാരുടെ എണ്ണം 70 ആയി കുറയ്ക്കും. 'ദി റിവയർ'പദ്ധതിയുടെ ഭാഗമായുള്ള കരാറുകൾ റദ്ദാക്കുക, ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 169 മില്യൺ ഡോളറാണ് ചിലവ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.