ഇന്ധന പമ്പിലെ തകരാർ റിപ്പോർട്ട് ചെയ്തതിനെതുടർന്ന് വാഹനങ്ങൾ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട. വിവിധ മോഡലുകളിൽപെട്ട 78,000 കാറുകളാണ് ഇന്ത്യയിൽ തിരിച്ചുവിളിക്കുന്നത്. 2019നും 2020നും ഇടയിൽ നിർമിച്ച 77,954 ഹോണ്ട കാറുകളിൽ ഇന്ധന പമ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് കമ്പനി സേവന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ചില്ലെങ്കിൽ കാലക്രമേണ എഞ്ചിനിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹോണ്ട പറയുന്നു. 2021 ഏപ്രിൽ 17 മുതൽ ഘട്ടം ഘട്ടമായി തിരിച്ചുവിളിക്കൽ നടത്തും.
തകരാറുള്ള വാഹനങ്ങളുടെ മോഡലുകൾ, ഉൽപ്പാദന കാലയളവ് എന്നിവയുടെ വിശദമായ പട്ടികയും ഹോണ്ട ഇന്ത്യ പുറത്തിറക്കി. അമേസിന്‍റെ 36,086 യൂനിറ്റുകൾ, മുൻ തലമുറ ഹോണ്ട സിറ്റിയുടെ 20,248 യൂനിറ്റ്, 7,871 ഡബ്ല്യുആർ-വി, ജാസ് പ്രീമിയം ഹാച്ച്ബാക്കിന്‍റെ 6,235 യൂനിറ്റുകൾ, സിവിക് സെഡാന്‍റെ 5,170 യൂനിറ്റുകൾ, ബിആർ-വി 1,737 യൂനിറ്റ് എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഈ മോഡലുകളെല്ലാം 2019 ജനുവരി മുതൽ ഒക്ടോബർവരെ നിർമ്മിച്ചവയാണ്. കൂടാതെ 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ നിർമിച്ച ഹോണ്ട സിആർ-വി യുടെ 607 യൂനിറ്റുകളും തിരിച്ചുവിളിക്കും.
ഹോണ്ട സിവിക്, ബിആർ-വി, സിആർ-വി മോഡലുകൾ ഇന്ത്യയിൽ നിർത്തലാക്കിയവയാണ്. 2021 മാർച്ചിൽ ആരംഭിച്ച കമ്പനിയുടെ ആഗോള തിരിച്ചുവിളിക്കലിന്‍റെ ഭാഗമായാണ് പുതിയ നടപടി. ആഗോളതലത്തിൽ 7,61,000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് കാർ നിർമ്മാതാവ് നേരത്തേ പറഞ്ഞിരുന്നു. ഹോണ്ടയുടെ അംഗീകൃത ഡീലർമാർ തകരാറുള്ള വാഹന ഉടമകളെ ബന്ധപ്പെടും. സൗജന്യമായിട്ടായിരിക്കും തകരാർ പരിഹരിക്കുക.
കമ്പനിയുടെ വെബ്‌സൈറ്റിലുള്ള പ്രത്യേക മൈക്രോസൈറ്റിൽ വാഹന ഉടമകൾക്ക് വെഹിക്കിൾ ഐഡന്‍റിഫിക്കേഷൻ നമ്പർ (വിഐഎൻ) നൽകി തങ്ങളുടെ വാഹനത്തിന് തകരാറുണ്ടോ എന്ന പരിശോധിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.