ഹോണ്ട ഇന്ത്യയുടെ പുതിയ പ്രതീക്ഷയായ എസ്.യു.വി നിരത്തിനായി തയ്യാറായിക്കഴിഞ്ഞു. ജൂൺ ആറിന് വാഹനം വാഹനത്തിന്റെ ആഗോള അവതരണം ഡൽഹിയിൽ നടക്കും. ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വിൽപ്പനക്ക് എത്തിക്കുമെന്ന് ഹോണ്ട അറിയിച്ചു. പുതിയ എസ്.യു.വിയുടെ പേര് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ‘എലവേറ്റ്’ എന്നാണ് വാഹനം അറിയപ്പെടുക.
ഹോണ്ട ഏറെ പ്രതീക്ഷയോടെയാണ് പുതിയ എസ്.യു.വി ഇന്ത്യൻ നിരത്തിൽ എത്തിക്കുന്നത്. നേരത്തേ അമേസിന്റെയും സിറ്റി സെഡാന്റെയും ഡബ്ല്യുആർ-വി, ജാസ് ഹാച്ച്ബാക്ക്, ഡീസൽ പതിപ്പുകൾ കമ്പനി രാജ്യത്ത് നിർത്തലാക്കിയിരുന്നു. നിലവിൽ പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകൾ ഉള്ള അമേസ് സിറ്റി എന്നിവ മാത്രമാണ് കമ്പനി വിൽക്കുന്നത്. പുതിയ എസ്.യു.വി ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾക്ക് എതിരാളിയാകും.
പുതിയ എസ്.യു.വി ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന CR-V, HR-V എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രാൻഡിന്റെ ആഗോള എസ്.യു.വി ലൈനപ്പിൽ WR-V, HR-V എന്നിവയ്‌ക്ക് ഇടയിലാണ് പുതിയ എസ്.യു.വിയുടെ സ്ഥാനം.
അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിലാണ് നിർമാണം. സിറ്റി സെഡാനിൽ നിന്ന് പരീക്ഷിച്ച 1.5-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വാഹനത്തിന് നൽകുമെന്നാണ് സൂചന. എഞ്ചിൻ 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഹനം ലഭിക്കും. സിറ്റി ഹൈബ്രിഡിന് സമാനമായി, പുതിയ എസ്.യു.വിക്ക് 1.5 ലിറ്റർ അറ്റ്‌കിസൺ സൈക്കിൾ എഞ്ചിനും സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുമെന്ന് സൂചനയുണ്ട്. 12 ലക്ഷം മുതലായിരിക്കും വാഹനത്തിന് വിലവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.