2022ൽ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച കാർ എന്ന ഖ്യാതി നേടിയ അയോണിക് ഇ.വിയുടെ വില ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിച്ച് ഹ്യൂണ്ടായ്. നേരത്തെ വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. 44.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ വാഹനം ലഭിക്കും. ആദ്യത്തെ 500 ഉപഭോക്താക്കൾക്ക് മാത്രമായി കുറഞ്ഞ വില പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം വില വർധിക്കും.
അയോണികിന് സമാന മോഡലായ കിയ ഇ.വി 6നേക്കാൾ 16 ലക്ഷം രൂപയോളം കുറവാണ് വാഹനത്തിന് എന്നത് ശ്രദ്ധേയമാണ്. 59.65 മുതൽ 64 ലക്ഷംവരെയാണ് ഇ.വി 6ന്റെ വില. 2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്ന കോന ഇ.വിക്കുശേഷം ഇന്ത്യയ്‌ക്കുള്ള ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് വാഹനമാണ് അയോണിക് 5. വാഹനത്തിന്റെ ബുക്കിങ് ഇതിനകം കമ്പനി ആരംഭിച്ചിരുന്നു. ഒരു ലക്ഷം രൂപ നൽകി ഹ്യുണ്ടായ് വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലർഷിപ്പിലോ പുതിയ ഇലക്ട്രിക് ക്രോസ്ഓവർ ബുക്ക് ചെയ്യാം.
2022-ലെ വേൾഡ് ഡിസൈൻ ഓഫ് ദി ഇയർ, വേൾഡ് ഇലക്‌ട്രിക് കാർ ഓഫ് ദി ഇയർ അവാർഡുകൾക്ക് പുറമെ വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കിയ വാഹനമാണ് അയോണിക് 5 ഇവി. 2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ 45 ഇലക്‌ട്രിക് കൺസെപ്റ്റ് ആയാണ് ഈ എസ്.യു.വി ആദ്യമായി ഹ്യുണ്ടായി അവതരിപ്പിക്കുന്നത്.
കിയ ഇ.വി 6 കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) ആയി വരുമ്പോൾ അയോണിക് 5 കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ യൂനിറ്റായാണ് (CKD) രാജ്യത്ത് എത്തുന്നത്. ബെസ്‌പോക്ക് പ്ലാറ്റ്‌ഫോമിലോ സ്കേറ്റ്‌ബോർഡിലോ നിർമിച്ച ഹ്യുണ്ടായിയുടെ ആദ്യത്തെ 'ബോൺ ഇലക്ട്രിക്' വാഹനമാണിത്. ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം എന്ന് വിളിക്കപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോം ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോറുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
സെക്കൻഡ് ലെവൽ എഡാസ് ഫീച്ചർ ചെയ്യുന്ന വാഹനമാണ് അയോണിക് ഇ.വി. 21 ആധുനിക ഡ്രൈവർ അസിസ്റ്റ്, സുരക്ഷാ സാങ്കേതിക വിദ്യകൾ ഉൾപ്പെട്ടിരിക്കുന്ന പാക്കേജാണ് എഡാസ് 2ൽ വരുന്നത്. ഫോർവേഡ് കൊളിഷൻ സിസ്റ്റംസ്, ബ്ലൈൻഡ് സ്‌പോട്ട് കൊളിഷൻ വാണിങ് (BCW), ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ് (BCA), ലെയ്ൻ കീപ്പിങ് അസിസ്റ്റ് (LKA), ലെയ്ൻ ഡിപ്പാർച്ചർ വാർണിങ് (LDW), ഡ്രൈവർ അറ്റൻഷൻ വാർണിങ് ( DAW), ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്റർ (BVM), സേഫ് എക്‌സിറ്റ് വാർണിങ് (SEW), സേഫ് എക്‌സിറ്റ് അസിസ്റ്റ് (SEA) മുതലായവയാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി ഒരുക്കിയിരിക്കുന്ന ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറുകൾ.
സ്റ്റോപ്പ് ആൻഡ് ഗോ, ലെയ്ൻ ഫോളോവിങ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിങ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയ്‌ക്കൊപ്പം സ്‌മാർട്ട് ക്രൂസ് കൺട്രോളും ഈ ഇലക്ട്രിക് വാഹനത്തിൽ ലഭിക്കും. പാർക്കിങ് എളുപ്പത്തിനായി അയോണിക് 5 ഇവിയിൽ റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിംഗ്, പിന്നിലെ ക്രോസ്-ട്രാഫിക് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ, റിയർ ഒക്കുപെൻഡ് അലേർട്ട് എന്നിവയും ഹ്യുണ്ടായി നൽകിയിട്ടുണ്ട്.
രണ്ട് ബാറ്ററി പായ്ക്കുകളാണ് അന്താരാഷ്രട തലത്തിൽ വാഹനത്തിനുള്ളത്. അതിൽ 72.6 kWh ബാറ്ററി പായ്ക്കിലാണ് വാഹനം ഇന്ത്യയിൽ എത്തുന്നത്. ഒറ്റ ചാർജിൽ 631 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 217 എച്ച്.പി കരുത്തും 350 എൻ.എം ടോർക്കും മോട്ടോർ ഉത്പ്പാദിപ്പിക്കും. റിയർവീൽ ഡ്രൈവ് വാഹനമാണ് അയോണിക് 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.