ടീം ഇന്ത്യയുടെ ട്വന്റി20 നായകനായ സൂര്യകുമാര്‍ യാദവിന്റെ പുത്തന്‍ കാറാണ് ഇപ്പോൾ വാഹന പ്രേമികളുടെ ചർച്ചാ വിഷയം. മെഴ്‌സിഡീസ് ബെന്‍സിന്റെ ജനപ്രിയമോഡലായ ആഡംബര എസ്.യു.വി ജി-വാഗണ്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 4.67 കോടി രൂപയാണു വിലയുള്ള എസ്.യു.വിയുടെ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള കാറാണ് താരത്തിന്റെ യാത്രകള്‍ക്ക് കൂട്ടായെത്തിയതെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ വ്യക്തമാണ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി സൂര്യയെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് പുത്തന്‍ കാറുമായി പ്രത്യക്ഷപ്പെട്ടത്.
ജി-3 എ.എം.ജി ഗ്രാന്‍ഡ് എഡിഷന്‍ മോഡലാണു സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്താകമാനം 1000 യൂണിറ്റുകള്‍ മാത്രം നിര്‍മിക്കുന്ന ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന്റെ 25 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിപണനത്തിന് എത്തിക്കുന്നത്. നിലവില്‍ മെയ്ബാക്ക്, എസ്-ക്ലാസ്, മെഴ്‌സിഡീസ് എ.എം.ജി ഉപഭോക്താക്കള്‍ക്കായിരിക്കും ജി-വാഗണിന്റെ ഈ പ്രത്യേക പതിപ്പ് ആദ്യം വാങ്ങാന്‍ അവസരം നല്‍കുക. പുത്തന്‍ ജി-വാഗണ്‍ കൂടാതെ മെര്‍സിഡീസ് ബെന്‍സ് ജി.എല്‍.എസ്, സ്‌കൈ പോര്‍ഷേ ടര്‍ബോ 911, നിസാന്‍ ജോംഗ 1 ടണ്‍ പിക്കപ്പ് ട്രക്ക് തുടങ്ങിയ വാഹനങ്ങളും സൂര്യകുമാറിന്റെ ഗരാജിലുണ്ട്.
22 ഇഞ്ച് അലോയ് വീലുകളാണു വാഹനത്തിനുള്ളത്. ഗ്രാന്‍ഡ് എഡിഷന്‍ ബാഡ്ജുകള്‍ വാഹനത്തിനു നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ നാപ്പ ലെതറിലാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതും ആഡംബരം ഉയര്‍ത്തുന്ന കാര്യമാണ്. ഗ്രാന്‍ഡ് എഡിഷന്‍ ജി-വാഗണിന്റെ ജി 63 എ.എം.ജി പതിപ്പിന് സമാനമാണെങ്കിലും എസ്.യു.വിയെ സവിശേഷമാക്കുന്നതിന് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നല്‍കിയിരിക്കുന്നു. എൻജിനില്‍ കൂടുതല്‍ മാറ്റം വരുത്തിയിട്ടില്ല. 585 ബി.എച്ച്.പി പവറില്‍ പരമാവധി 850 എന്‍.എം ടോര്‍ക്ക് സൃഷ്ടിക്കുന്ന 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ പെട്രോള്‍ എൻജിനാണ് വാഹനത്തിനു ശക്തിപകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.