മാരുതി സുസുകിക്ക് ജിംനി പോലെയാണ് ജീപ്പിന് സി.ജെ 7. ജീപ്പ് എന്നുപറയുമ്പോൾ നമ്മുടെ മനസിൽ ഓടിവരുന്ന രൂപമുണ്ടല്ലോ. അതിന്റെ േപരാണ് സി.ജെ 7 എന്നത്. അതേ സി.ജെ 7 എസ്‍യുവിയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നതായി സൂചന. ഇന്ത്യയിൽ അടക്കം നിരവധി മോഡലുകളുടെ അടിസ്ഥാനമായിട്ടുള്ള സിജെ 7ന്റെ ഇലക്ട്രിക് കൺസെപ്റ്റ് സിജെ 7 സെർജ് പുറത്തിറക്കി. നോർത്ത് അമേരിക്ക സ്പെഷൽ എക്യൂപ്മെന്റ് മാർക്കറ്റ് അസോസിയേഷൻ (എസ്ഇഎംഎ) ഷോയിലാണ് പുതിയ വാഹനത്തെ അവതരിപ്പിച്ചത്.
സി.ജെ 7 നെ അടിസ്ഥാനപ്പെടുത്തി ജീപ്പിന്റെ പേരന്റ് കമ്പനിയായ സ്റ്റെല്ലാന്റിസ്-മോപാറാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. അബാർത്, ആൽഫ റോമിയോ, ക്രിസ്‍ലർ, ഡോഡ്ജ്,ഫിയറ്റ്, ജീപ്പ്, മാസരട്ടി, ഓപൽ, സിട്രോൺ, പ്യൂഷെ തുടങ്ങിയ ബ്രാൻഡുകൾക്കായി വാഹനം ഡിസൈൻ ചെയ്യുന്നതും നിർമിക്കുന്നതും സ്റ്റെല്ലാന്റിസ് ആണ്. പെട്രോൾ എൻജിന് പകരം 266 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറും 50 kWh ബാറ്ററിയുമായിരിക്കും പുതിയ വാഹനത്തിലുണ്ടാകുക.
ഓഫ് റോഡിന് ഇണങ്ങുന്ന ടയറുകളും ഉയർ സസ്പെൻഷനും വാഹനത്തിലുണ്ട്. എൽഇഡി ഹെഡ്‌ലാംപുകളും മനോഹരമായ ഗ്രാഫിക്സുമെല്ലാം പുതിയ വാഹനത്തിന് മാറ്റുകൂട്ടും. ജീപ്പ് അവഞ്ചർ 4x4, ജീപ്പ് റാംഗ്ലർ മാഗ്നെറ്റോ തുടങ്ങിയ കൺസെപ്റ്റുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടറും ബാറ്ററിയും തന്നെയാണ് സിജെ സെർജിലും നൽകകുക. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് എന്ന് പുറത്തിറക്കുമെന്ന് ജീപ്പ് പ്രഖ്യാപിച്ചിട്ടില്ല.
പുതിയ ജീപ്പ് സിജെ സർജ് കൺസെപ്റ്റ് എസ്‌യുവിയുടെ ഡിസൈൻ 1980-കളിലെ ബ്രാൻഡിന്റെ സിജെ-സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർവ്വഹിച്ചിരിക്കുന്നത്. ബോഡിയിലെ സർഫ് ബ്ലൂ ഗ്രാഫിക്സ് വാഹനം ഇവി ആണെന്ന് സൂചിപ്പിക്കുന്നു. മാറ്റ് ബ്ലാക്ക് 18 ഇഞ്ച് അലോയ്കളും ഓഫ്-റോഡറിൽ ഉൾപ്പെടുന്നു. 35 ഇഞ്ച് ഓൾ-ടെറൈൻ ടയറുകൾ, രണ്ട് ഇഞ്ച് കട്ടിയുള്ള വിൻഡ്‌സ്‌ക്രീൻ, അണ്ടർബോഡി പ്രൊട്ടക്ഷൻ, എൽ.ഇ.ഡി ഫോഗ് ലൈറ്റുകൾ, ഹൗണ്ട്‌സ്റ്റൂത്ത് സീറ്റ് ആക്‌സന്റുകൾ, ബെസ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവ സിജെ സർജിലെ മറ്റ് സവിശേഷതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.