ഇന്ധന ടാങ്കിൽ ചോര്‍ച്ച കാരണം എസ്.യു.വികൾ തിരിച്ചുവിളിച്ച് അമേരിക്കൻ വാഹന കമ്പനി. അരലക്ഷത്തിലധികം റാംഗ്ലര്‍ എസ്‍.യു.വികളാണ് കമ്പനി തിരിച്ചുവിളിച്ചത്. 2019 ഒക്‌ടോബറിനും 2022 മെയ് മാസത്തിനും ഇടയിൽ നിർമിച്ച റാംഗ്ലര്‍ എസ്‍.യു.വികളുടെ 57,885 യൂനിറ്റുകൾ ആണ് ജീപ്പ് യുഎസിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ ഫ്രെയിം സ്റ്റഡിന് ആണ് തകരാര്‍. ഇത് ഇന്ധന ചോർച്ചയ്ക്കും മറ്റും കാരണമായേക്കാം. തിരിച്ചുവിളിച്ച വാഹനങ്ങളുടെ തകരാറുള്ള ഘടകങ്ങൾ സൗജന്യമായി മാറ്റിനൽകും. മെക്‌സിക്കോ ആസ്ഥാനമായുള്ള മെറ്റാൽസ എസ്എ ഡി സിവി ജീപ്പാണ് ഫ്രെയിം സ്റ്റഡുകൾ നിർമ്മിച്ചത്. തകരാര്‍ ഏതൊക്കെ മോഡലുകളെ ബാധിച്ചുവെന്ന് കണ്ടെത്താൻ സ്ഥാപനവുമായി ഏകോപിപ്പിച്ച് സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. ഈ തകരാര്‍ നിമിത്തം പരിക്കുകളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജീപ്പ് പറയുന്നു.
തിരിച്ചുവിളിച്ച യൂണിറ്റുകളില്‍ ഏകദേശം 58 ശതമാനത്തിനും തകരാറുള്ള സ്റ്റഡ് ഉണ്ടായിരിക്കാം എന്നാണ് അമേരിക്കൻ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (NHTSA)കരുതുന്നത്. ഇന്ത്യയിൽ, 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനിലാണ് റാംഗ്ലർ വിൽക്കുന്നത്. ഈ എഞ്ചിൻ 5,250 ആർപിഎമ്മിൽ 268 എച്ച്പി പവറും 3,000 ആർപിഎമ്മിൽ 400 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. അമേരിക്കയിൽ, ജീപ്പ് റാംഗ്ലർ എസ്‍.യു.വിയുടെ പ്രാരംഭ വില 31,195 ഡോളര്‍ (ഏകദേശം 25.7 ലക്ഷം രൂപ) ആണ്. ഇന്ത്യയിൽ വാഹനത്തിന്റെ വില 59.05 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.