എം.ജിയുടെ ക്ലൗഡ് ഇ.വി. ഈ വാഹനത്തിന്‍റെ ഇന്ത്യൻ പതിപ്പാണ് വിൻഡ്സർ എന്ന പേരിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്.

ഒളിമ്പിക് മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് എം.ജിയുടെ ഇലക്ട്രിക് കാർ; പ്രഖ്യാപനവുമായി ജെ.എസ്.ഡബ്ല്യു ചെയര്‍മാന്‍

ളിമ്പിക്‌സി ല്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന കായികതാരങ്ങള്‍ക്ക് കാര്‍ സമ്മാനിക്കുമെന്ന് ജെ.എസ്.ഡബ്ല്യു ചെയര്‍മാന്‍ സജന്‍ ജിന്‍ഡാല്‍. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കപ്പെടുമെന്നു കരുതുന്ന എം.ജിയുടെ ഇലക്ട്രിക് ക്രോസോവര്‍ ആയ വിന്‍ഡ്‌സര്‍ ഇ.വി ആയിരിക്കും കായികതാരങ്ങള്‍ക്കുള്ള ജെ.എസ്.ഡബ്‌ള്യുവിന്റെ സമ്മാനം എന്നാണ് വിവരം. ഇന്ത്യന്‍ കായിക താരങ്ങളുടെ പ്രധാന സ്‌പോണ്‍സറാണ് ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്സ്. സജന്‍ ജിന്‍ഡാലിന്റെ കൈവശമാണ് എം.ജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരിയുമുള്ളത്. ജെ.എസ്.ഡബ്ല്യു നയിക്കുന്ന കണ്‍സോര്‍ഷ്യമാണ് എം.ജി മോട്ടോര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരിയും കൈയടക്കിവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മൂന്നാമത്തെ വൈദ്യുത കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് എം.ജി മോട്ടോര്‍ ഇന്ത്യ. എം.ജി വിന്‍ഡ്സര്‍ ഇ.വി എന്ന മോഡലാണ് പുതുതായി പുറത്തിറക്കുന്നത്. ഇന്തൊനീഷ്യ അടക്കമുള്ള വിപണികളില്‍ ക്ലൗഡ് ഇ.വി എന്ന പേരില്‍ വില്‍ക്കുന്ന മോഡലാണ് ഇന്ത്യയിലേക്ക് വിന്‍ഡ്സര്‍ ഇ.വി എന്ന പേരില്‍ എത്തുന്നത്. സെഡാന്റേയും എസ്.യു.വിയുടേയും ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സി.യു.വി വിഭാഗത്തിലായിരിക്കും വിന്‍ഡ്സര്‍ ഇ.വി പുറത്തിറക്കുക. നിലവില്‍ കോമറ്റ് ഇവി, സെഡ്.എസ് ഇ.വി എന്നീ രണ്ടു മോഡലുകള്‍ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യക്കുണ്ട്. ഇവ രണ്ടിനും ഇടയില്‍ വരുന്ന മോഡലായാണ് വിന്‍ഡ്സര്‍ അവതരിപ്പിക്കുക.

ഇതുവരെ എം.ജി ഈ മോഡലിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സെഗ്മെന്റിലെ ഏറ്റവും വലിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായ 15.6 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേയായിരിക്കും വാഹനത്തിനുണ്ടാവുക. വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഈ ഡിസ്പ്ലേ വഴി സാധിക്കും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ കണക്ഷന്‍ വാഹനത്തിനുണ്ടായിരിക്കും. ഹെഡ് ലാമ്പുകളുടെ നിയന്ത്രണം, ഹീറ്റിങ് വെന്റിലേഷന്‍ എ.സി, ഔട്ട്സൈഡ് റിയര്‍വ്യൂ മിറര്‍ എന്നിവയുടെ നിയന്ത്രണം ഇതുവഴിയായിരിക്കും നടക്കുക.

എസ്.യു.വിയുടെ ആഡംബര ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയ വാഹനമായിരിക്കും വിന്‍ഡ്സര്‍ ഇ.വി. ബബിള്‍ സ്റ്റൈല്‍ സിന്തറ്റിക് ലെതര്‍ കൊണ്ടുള്ള സോഫ സീറ്റുകളായിരിക്കും വാഹനത്തിലുണ്ടാവുക. വലിപ്പമുള്ള കാബിന്‍ സ്പേസും ബൂട്ട് സ്പേസുമുണ്ടാകും. പിന്നിലെ സീറ്റുകള്‍ പൂര്‍ണമായും മടക്കിയിടാൻ സാധിക്കുന്നതോടെ 1,707 ലീറ്റര്‍ അധികം ബൂട്ട് സ്പേസ് ലഭിക്കും. ഇന്ത്യയിലെ രണ്ടാമത്തെ അഡാസ് സുരക്ഷയുള്ള വൈദ്യുത കാര്‍ കൂടിയാണിത്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേഡ് കോളിഷന്‍ വാണിങ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ് എന്നിങ്ങനെ പോവുന്നു അഡാസ് സുരക്ഷാ ഫീച്ചറുകള്‍.

നാല് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, എ.ബി.എസ് വിത്ത് ഇ.ബി.ഡി എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും അഡാസിന്റെ ഭാഗമായെത്തും. പാര്‍ക്കിങ് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ചൈല്‍ഡ് സീറ്റിനായുള്ള സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എളുപ്പം ബൂട്ട് തുറക്കാന്‍ സ്മാര്‍ട്ട് ഇലക്ട്രിക് ലിഫ്റ്റ്ഗേറ്റ് സൗകര്യവും ഇന്ത്യന്‍ വിപണിയിലെ ജനകീയ ഫീച്ചറായ പനോരമിക് സണ്‍റൂഫും എം.ജി വിന്‍ഡ്സര്‍ ഇ.വിയില്‍ പ്രതീക്ഷിക്കാം. ആംബിയന്റ് ഇന്റീരിയര്‍ ലൈറ്റിങ്, സ്റ്റീയറിങ് മൗണ്ടഡ് മീഡിയ കണ്‍ട്രോള്‍, പിന്നില്‍ എ.സി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് സൗകര്യം, കീലെസ് എന്‍ട്രിയും സ്മാര്‍ട്ട് സ്റ്റാര്‍ട്ടും എന്നിങ്ങനെയുള്ള ഫീച്ചറുകളുമുണ്ടാകാനിടയുണ്ട്. മൈവൂളിങ് പ്ലസ് ആപ്പ് വഴി സ്മാര്‍ട്ട് ഫോണിലൂടെ കാറിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സൗകര്യവും എം.ജി വിന്‍ഡ്സറിലുണ്ടാവും.

വൂളിങ് ക്ലൗഡിലെ 50.6 കിലോവാട്ട് ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയായിരിക്കും വിന്‍ഡ്സര്‍ ഇവിയിലും ഉണ്ടാവുക. ഒറ്റ ചാര്‍ജില്‍ 460 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയും. ഡി.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഏഴു മണിക്കൂറെടുക്കും. 134 ബി.എച്ച്.പി കരുത്തും പരമാവധി 200 എന്‍.എം ടോര്‍ക്കും പുറത്തെടുക്കും.

Tags:    
News Summary - JSW MD Sajjan Jindal promises an MG Windsor car to every Indian Olympic medallist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.