ബംഗളൂരു: കർണാടക ആർ.ടി.സിയുടെ പുതിയ എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. എല്ലാ ദിവസവും വിവിധയിടങ്ങളിലേക്ക് സർവിസ് നടത്തും. സർവിസുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കും. എന്നുമുതലാണ് സർവിസ് തുടങ്ങുകയെന്ന് പിന്നീട് അറിയിക്കും.
അത്യാഡംബരവും സുഖപ്രദവുമായ 20 എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് നിരത്തിലിറക്കുന്നത്. വോൾവോയുടെ ബി.എസ് 6 -9600 ശ്രേണിയിൽപെട്ട 14.95 മീറ്റർ നീളം വരുന്ന ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എ.ബി.എസ് ബ്രേക്ക്, 8 എയർ സസ്പെൻഷൻ സിസ്റ്റം, ട്യൂബ് ലെസ് ടയറുകൾ എന്നിവയുള്ള ബസുകൾ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക.
ഓരോ ബർത്തിലും റീഡിങ് എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്റ്, വിൻഡോ കർട്ടൻ എന്നിവയും ഇതിലുണ്ട്. ഒന്നേമുക്കാൽ കോടിയാണ് ഒരു ബസിന്റെ വില.
സെക്കന്തരാബാദ്, ഹൈദരാബാദ്, പനാജി എന്നിവിടങ്ങളിലേക്കും സർവിസുണ്ട്. സെക്കന്തരാബാദിലേക്ക് ബംഗളൂരുവിൽനിന്ന് രാത്രി ഒമ്പതിനാണ് പുറപ്പെടുക. തിരിച്ചുള്ള ബസ് 8.30ന് പുറപ്പെടും. ഹൈദരാബാദിലേക്ക് രാത്രി 9.15ന് പുറപ്പെടും. ഈ ബസ് രാത്രി 8.30ന് ബംഗളൂരുവിലേക്ക് തിരിക്കും. മറ്റൊരു ബസ് ഹൈദരാബാദിലേക്ക് രാത്രി 10.15ന് പുറപ്പെടും. ഈ ബസ് വൈകുന്നേരം ഏഴിന് തിരിച്ച് ബംഗളൂരുവിലേക്ക്.
പനാജിയിലേക്കുള്ള ബസ് രാത്രി 8.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. തിരിച്ച് വൈകുന്നേരം 7.15നാണ്. മംഗളൂരു- ബംഗളൂരു ബസ് കുന്താപുരയിൽനിന്ന് രാത്രി 9.15ന് പുറപ്പെടും. തിരിച്ച് രാത്രി 10.45ന് മംഗളൂരുവിലേക്ക് പുറപ്പെടും. മറ്റൊരു ബസ് മംഗളൂരുവിൽനിന്ന് പുണെയിലേക്ക് വൈകീട്ട് ആറിന് പുറപ്പെടും. പുണെയിൽനിന്ന് തിരിച്ച് 6.31നാണ് പുറപ്പെടുക.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ആദ്യഘട്ടത്തിൽ നാല് സർവിസുണ്ടാകും. എറണാകുളത്തേക്ക് രണ്ട് ബസുകളും തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുമാണ് ഓടുക. എറണാകുളത്തേക്കുള്ള ഒരു ബസ് രാത്രി 8.15നും മറ്റൊന്ന് രാത്രി പത്തുമണിക്കുമാണ് പുറപ്പെടുക.
തിരുവനന്തപുരം ബസ് വൈകീട്ട് 4.15നും തൃശൂർ ബസ് രാത്രി 9.30നും പുറപ്പെടും. തിരിച്ച്, എറണാകുളത്തുനിന്ന് വൈകീട്ട് 6.30നാണ് ഒരു ബസ് ബംഗളൂരുവിലേക്ക് പുറപ്പെടുക. മറ്റൊന്ന് രാത്രി 7.15നും. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് ബംഗളൂരുവിലേക്കുള്ള ബസ് വൈകീട്ട് നാലിന് പുറപ്പെടും.
രാത്രി 8.15നാണ് തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് ബസ് തിരിക്കുക. എറണാകുളത്തേക്ക് 1,510 രൂപയും തൃശൂരിലേക്ക് 1,410 രൂപയും തിരുവനന്തപുരത്തേക്ക് 1,800 രൂപയുമാകും ഏകദേശ ടിക്കറ്റ് നിരക്ക്. അന്തിമതീരുമാനം വൈകാതെ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.