തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ‘എച്ച്’ ഒഴിവാക്കി പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കിയതോടെ പരിശീലനം കഠിനമാകും. ഫീസും ഉയർന്നേക്കാം. പഴയ പരിശീലന രീതിയെക്കാൾ സങ്കീർണമാണ് പുതിയത്. കൂടുതൽ ക്ലാസുകൾ വേണ്ടിവരും. ഡ്രൈവിങ് സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യവും വർധിപ്പിക്കേണ്ടിവരും. ഈ തുക കണ്ടെത്താൻ ഫീസ് വർധന അനിവാര്യമാണ്. ഡ്രൈവിങ് സ്കൂളിലെ വാഹനത്തിൽ ഡാഷ് കാമറ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. മേയ് മുതൽ പുതിയ പരിഷ്കാരങ്ങൾ തുടങ്ങുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ കാലയളവിൽ സമഗ്രമായ മാറ്റത്തിന് സാധ്യത കുറവാണ്.
അഞ്ച് ടെസ്റ്റിങ് ഗ്രൗണ്ടുകൾ മാത്രമാണ് മോട്ടർ വാഹനവകുപ്പിനുള്ളത്. ബാക്കിയുള്ള സ്ഥലങ്ങളിൽ മോട്ടർ വാഹനവകുപ്പോ ഡ്രൈവിങ് സ്കൂളുകാരോ വാടകക്ക് എടുക്കുന്ന ഗ്രൗണ്ടുകളിലോ മറ്റു സ്ഥലങ്ങളിലോ ആണ് ടെസ്റ്റ് നടത്തുന്നത്. പലയിടത്തും പുതിയ രീതിയിൽ ടെസ്റ്റ് നടത്താൻ സൗകര്യങ്ങളില്ല. സ്വന്തമായി ആധുനിക ടെസ്റ്റിങ് ഗ്രൗണ്ട് തുടങ്ങാൻ സർക്കാറിന്റെ കൈയിൽ പണവുമില്ല.ഇപ്പോൾ 30 ദിവസത്തെ പരിശീലനത്തിന് 10,000 മുതൽ 15,000 രൂപവരെ ഡ്രൈവിങ് സ്കൂളുകൾ വാങ്ങുന്നുണ്ട്. ലൈസൻസ് ഫീസ് ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തും. ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഓരോ ദിവസത്തെ ക്ലാസിനും അധികനിരക്കും നൽകണം. പ്രവർത്തന ചെലവ് കൂടുന്നതിനനുസരിച്ച് ഡ്രൈവിങ് സ്കൂളുകൾക്ക് നിരക്കുകൾ ഉയർത്തേണ്ടിവരും.
ലൈസൻസ് പരിശീലനത്തിന് വാങ്ങാവുന്ന ഫീസിനെക്കുറിച്ച് സർക്കാർ ഉത്തരവിൽ പറയുന്നില്ല. ഇത് സർക്കാർ നിശ്ചയിക്കേണ്ടതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.