ഇ.വി 9 ഇലക്ട്രിക് എസ്.യു.വി ആഗോളതലത്തിൽ അവതരിപ്പിച്ച് കിയ മോട്ടോർസ്. ജനുവരിയിൽ നടന്ന 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന കൺസെപ്റ്റ് മോഡലിന് ഏറെക്കുറെ സമാനമാണ് ഇ.വി 9 നിരത്തിലും എത്തുന്നത്. കിയ ഇ.വി9 കൺസെപ്റ്റ് ആദ്യമായി 2021 അവസാനത്തിലാണ് നിർമ്മാതാക്കൾ ആദ്യമായി വെളിപ്പെടുത്തിയത്. വാഹനത്തിന്റെ എക്സ്റ്റീരിയർ അതേപടി തുടരുമ്പോൾ, കിയ പുതിയ ഇ.വിയുടെ ഇന്റീരിയർ പൂർണമായും നവീകരിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ഫ്രണ്ട് പ്രൊഫൈലിൽ ഒരു ഡിജിറ്റലൈസ്ഡ് തീമാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള റേഡിയേറ്റർ ഗ്രില്ലിന് പകരമായി ക്ലോസ്ഡ് പാനൽ നൽകിയിട്ടുണ്ട്. ഇല്യുമിനേഷൻ ഇഫക്റ്റ് സൃഷ്ടിക്കുന്ന, വെർട്ടിക്കലായി പൊസിഷൻ ചെയ്തിട്ടുള്ള ഷാർപ്പ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും 'സ്റ്റാർ മാപ്പ്' എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകളും വാഹനത്തിന് ലഭിക്കും.
വീലുകൾക്കുള്ള സവിശേഷമായ രൂപകൽപ്പനയാണ് മറ്റൊരു പ്രധാന ആകർഷണം. പുറത്തേക്ക് തള്ളിനിൽക്കുന്ന ഡോർ ഹാൻഡിലുകളില്ലാതെ സൈഡ് പ്രൊഫൈൽ വളരെ ക്ലീൻ ലുക്കിൽ വരുന്നു. കിയയുടെ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ ഫിലോസഫിയാണ് പുതിയ ഇ.വി9നെ സ്വാധീനിച്ചിരിക്കുന്നത്. ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) ഫ്ലാറ്റ്-ഫ്ലോർ ഇ.വി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് നിർമാണം.
ഇന്റീരിയർ
'ടെക്‌നോളജി ഫോർ ലൈഫ്' എന്ന ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്റീരിയർ എന്ന് കിയ അവകാശപ്പെടുന്നു. പ്ലാറ്റ്ഫോമിന്റെ മികവുകാരണം മൂന്നാം നിര സീറ്റിങ് സെറ്റപ്പ് ഉപയോഗിച്ച് വാഹനത്തിനുള്ളിൽ സ്ഥലസൗകര്യം വർധിപ്പിക്കാൻ വിയക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് യാത്രക്കാരുടെ കംഫർട്ട് വർധിപ്പിക്കും. ആറ്, ഏഴ് സീറ്റുകളുള്ള ഫോർമാറ്റുകളിൽ വാഹനം വരും.
ഓപ്പൺ, ഫ്ലോട്ടിങ് പനോരമിക് ഡാഷ്‌ബോർഡും, 5.0 ഇഞ്ച് സെഗ്‌മെന്റ് ഡിസ്‌പ്ലേയും സംയോജിപ്പിച്ചിരിക്കുന്ന ഡ്യുവൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആകർഷകമാണ്. ഫിസിക്കൽ ബട്ടണുകൾ പരമാവധി നിലനിർത്തിയിട്ടുണ്ട്. എക്സ്റ്റെന്റഡ് ഡിസ്‌പ്ലേയ്ക്ക് ഹൈ-ഡെഫനിഷൻ ഓഡിയോ-വിഷ്വൽ നാവിഗേഷനും ടെലിമാറ്റിക്‌സ് (AVNT) എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇ.വി9 ചാർജ് ചെയ്യുമ്പോളും ഒന്നും രണ്ടും നിരയിലുള്ളവർക്ക് ഒരേസമയം സീറ്റുകൾ റിക്ലൈൻ ചെയ്ത് ഇരിക്കാൻ കഴിയും എന്നത് ഒരു സവിശേഷതയാണ്. രണ്ടാം നിര സീറ്റുകൾക്ക് 180 ഡിഗ്രി തിരിയാൻ സാധിക്കും, അതേസമയം മൂന്നാം നിര സീറ്റുകളിൽ കപ്പ് ഹോൾഡറുകളും മൊബൈൽ ഡിവൈസുകൾക്കുള്ള ചാർജിങ് പോയിന്റുകളും സജ്ജീകരിച്ചിരിക്കുന്നു.
ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര വാഹന നിർമാതാക്കളുടെ എസ്.യു.വികളോട് കിടപിടിക്കുന്ന വാഹനമാണ് കിയ ഇ.വി 9. കിയയുടെ അതിവേഗം വികസിക്കുന്ന ഇലക്ട്രിക് കാറുകളുടെ ആഗോള കുടുംബത്തിൽ രണ്ടാമത്തേതാണ് പുതിയ കിയ ഇ.വി 9. വാഹനത്തിന്റെ മോട്ടോർ ബാറ്ററി തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 500 കിലോമീറ്ററിന് മുകളിൽ വാഹനത്തിന് റേഞ്ച് ലഭിക്കും. ബാറ്ററി കപ്പാസിറ്റി 100kWh മേഖലയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.