ഒറ്റ ചാര്‍ജില്‍ 561 കിലോമീറ്റര്‍, 24 മിനിറ്റില്‍ 80 ശതമാനം ബാറ്ററി; നിരത്തിൽ തരംഗമാകാൻ ഇ.വി 9 വരുന്നു

ക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ ഭീമനായ കിയ മോട്ടോര്‍സില്‍നിന്ന് ഒരു പുത്തന്‍ ഇലക്ട്രിക് എസ്.യു.വി കൂടി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. കിയയുടെ ഇലക്ട്രിക് വാഹന നിരയില്‍ രണ്ടാമനായി കരുത്തന്‍ ഇ.വി 9 ആണ് ഒക്ടോബര്‍ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പുതുതായി അവതരിപ്പിക്കുന്ന കാര്‍ണിവലിനൊപ്പം തന്നെ ഈ വാഹനവും എത്താനാണ് സാധ്യത. കിയയുടെ ആദ്യ ഇലക്ട്രിക് പതിപ്പായ ഇ.വി 6ന് ലഭിച്ച ഗംഭീര വരവേല്‍പ്പാണ് പുതിയ മോഡലിന്റെ പിറവിക്ക് പ്രചോദനമായത്.

വലിപ്പത്തില്‍ കാര്‍ണിവലിന് സമാനമായി ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ ജി.ടി ലൈന്‍ പതിപ്പില്‍ ആറ് സീറ്റുകളാണുള്ളത്. ആദ്യ രണ്ട് നിരകളില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഒരുങ്ങും. സ്നോവൈറ്റ് പേള്‍, ഓഷ്യന്‍ ബ്ലൂ, പെബിള്‍ ഗ്രേ, പന്തേര മെറ്റല്‍, അറോറ ബ്ലാക്ക് പേള്‍ എന്നീ അഞ്ച് നിറങ്ങളിലും ഇ.വി.9 ഇന്ത്യന്‍ നിരത്തുകളില്‍ എത്തും. വൈറ്റ് ആന്‍ഡ് ബ്ലാക്ക്, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഇരട്ട നിറങ്ങളിലും ഇ.വി 9 എത്തുന്നുണ്ട്. ഏകദേശം ഒരു കോടി രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

വെര്‍ട്ടിക്കൽ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലൈറ്റില്‍ എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍, ഹെഡ്‌ലൈറ്റുകളെ കണക്ട് ചെയ്ത് പൊസിഷന്‍ ലൈറ്റ് എന്നിവ ബോണറ്റിന്റെ തുടക്കത്തില്‍ നല്‍കിയിട്ടുണ്ട്. മൂടിക്കെട്ടിയ ഗ്രില്ലും വലിയ എയര്‍ഡാമും ഇലക്ട്രിക് വാഹനങ്ങളുടെ ഭാവവും ഒരുക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കുന്ന തനതായ അലോയ് വീലാണ് ഇ.വി.9-ല്‍ ഉള്ളത്. കൂടുതല്‍ ആകര്‍ഷകമായാണ് വാഹനത്തിന്റെ ഉള്‍വശം തീര്‍ത്തിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 12.3 ഇഞ്ച് വലിപ്പമുള്ള ഇരട്ട സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. ഇല്ലുമിനേറ്റ് ചെയ്യുന്ന സ്റ്റിയറിങ് എംബ്ലം, ഒന്നും രണ്ടും നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റീ ജനറേറ്റീവ് ബ്രേക്കിങ് പാഡില്‍ ഷിഫ്‌റ്റേഴ്‌സ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഇന്റീരിയറിലുള്ളത്.

അത്യാധുനിക സുരക്ഷ സംവിധാനങ്ങളാണ് ഇ.വി 9 ഇലക്ട്രിക് എസ്.യു.വിയില്‍ കിയ മോട്ടോഴ്സ് നല്‍കിയിരിക്കുന്നത്. 10 എയര്‍ബാഗ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ് ആന്‍ഡ് അവോയിഡന്‍സ് അസിസ്റ്റ്, ലെയിൻ ഡിപാര്‍ച്ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ അഡാസ് ലെവല്‍ -2 അധിഷ്ഠിതമായ സുരക്ഷ ഫീച്ചറുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ഫ്രണ്ട്, സൈഡ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

കിയ ഇ.വി 9 ലൈനപ്പില്‍ ആഗോള വിപണിയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന വേരിയന്റായ ജി.ടി ലൈന്‍ വകഭേദമായിരിക്കും ഇന്ത്യയിലേക്ക് എത്തുകയെന്നാണ് ലഭ്യമായ വിവരം. ബാറ്ററി പാക്ക് തന്നെയാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. 99.8 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിരിക്കും വാഹനത്തിന്റെ ഹൃദയം. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഇരട്ട മോട്ടോറുകളാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 384 ബി.എച്ച്.പി പവറും 700 എന്‍.എം ടോര്‍ക്കുമാണ് രണ്ട് മോട്ടോറുകളും ചേര്‍ന്ന് ഉൽപാദിപ്പിക്കുന്നത്. 5.3 സെക്കൻഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ഇ.വി 9 ഒറ്റ ചാര്‍ജില്‍ 561 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 24 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ആക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. 

Tags:    
News Summary - 2024 Kia EV9: Fast Charging, Long Range Other Features and Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.