കുടുംബ യാത്രകള്‍ക്ക് കൂട്ടാകാന്‍ കിയയുടെ സെവന്‍ സീറ്റർ ഇലക്ട്രിക് എസ്.യു.വി; ഇ.വി 9 ഇന്ത്യയിലേക്ക്

കുടുംബ യാത്രകള്‍ക്ക് കൂട്ടാകാന്‍ കിയയുടെ ഇലക്ട്രിക് എസ്.യു.വി ഒക്ടോബര്‍ മൂന്നിന് ഇന്ത്യയില്‍ വില്‍പ്പനക്കെത്തും. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയില്‍ നിന്നുള്ള മൂന്ന് നിര സെവന്‍ സീറ്ററാണ് കിയ ഇ.വി 9. ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. ഇന്ത്യയില്‍ ലഭ്യമാകുന്ന ഇ.വി 9 ന്റെ സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കിയയുടെ ഏറ്റവും പുതിയ ബാറ്ററി സാങ്കേതികവിദ്യയായിരിക്കും വാഹനത്തിന് നല്‍കുക. 76.1 കിലോവാട്ട് ബാറ്ററിയുള്ള ഒരു സിംഗിള്‍-മോട്ടോര്‍ റിയല്‍വീല്‍ ഡ്രൈവ്, 99.8 കിലോവാട്ട് ബാറ്ററി മോഡല്‍, ഡ്യുവല്‍ മോട്ടോര്‍ റിയല്‍വീല്‍ ഡ്രൈവ് വേരിയന്റ് എന്നിങ്ങനെ ആഗോളതലത്തില്‍ കിയ ഇ.വി 9 മൂന്ന് പവര്‍ട്രെയിനുകള്‍ക്കൊപ്പം ലഭ്യമാണ്. ഡ്യുവല്‍ മോട്ടോര്‍ റിയല്‍വീല്‍ ഡ്രൈവ് പതിപ്പ് 379 ബി.എച്ച്.പി സംയുക്ത ശക്തിയും ഏകദേശം 450 കിലോമറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ വേരിയന്റ് ചെറിയ ബാറ്ററിയില്‍ 358 കിലോമീറ്ററും വലിയ ബാറ്ററി പാക്കില്‍ 541 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 24 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ ആഗോള സ്‌പെക്ക് പതിപ്പിന് ഫിക്‌സഡ്, പോര്‍ട്ടബിള്‍ ചാര്‍ജിങ് സംവിധാനവുമുണ്ട്. ഈ സജ്ജീകരണത്തിലൂടെ, 15 മിനിറ്റിനുള്ളില്‍ 248 കിലോമീറ്റര്‍ റേഞ്ച് ചാര്‍ജ് ചെയ്യാം എന്ന് കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. ഏഴ് സീറ്റര്‍ ഇലക്ട്രിക് എസ്.യു.വി അതിന്റെ ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റ് സാങ്കേതികവിദ്യയുമായാണെത്തുന്നത്.

ഇലക്ട്രിക് 7 സീറ്റര്‍ എസ്.യു.വിക്ക് സ്പ്ലിറ്റ് റിമോട്ട് ഫോള്‍ഡിംഗ് സീറ്റുകള്‍, ഹെഡ്റെസ്റ്റുകളോട് കൂടിയതും ഹീറ്റഡ് ആയതുമായ സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട്, സെക്കന്‍ഡ് നിര സീറ്റുകളും ഇവയ്‌ക്കെല്ലാം ഫ്‌ലെക്‌സിബിള്‍ സീറ്റിങ് ക്രമീകരണങ്ങളുമുണ്ട്. എല്ലാ മോഡലുകള്‍ക്കും യു.എസ്.ബി ചാര്‍ജിങ് വാഗ്ദാനം ചെയ്യുന്നു. ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിങ് പാഡില്‍ ഷിഫ്റ്ററുകള്‍, ഓട്ടോമാറ്റിക് ഡീഫോഗര്‍, ഉയരം ക്രമീകരിക്കാവുന്ന സ്മാര്‍ട്ട് പവര്‍ ടെയില്‍ഗേറ്റ് തുടങ്ങിയ സവിശേഷ സൗകര്യങ്ങളുമുണ്ട്.

ലെവല്‍ 3 അഡാസ് സ്യൂട്ട്, 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും നാവിഗേഷനുമുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14 സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, 5.3 ഇഞ്ച് ക്ലൈമറ്റ് കണ്‍ട്രോള്‍ സ്‌ക്രീന്‍, ഫിംഗര്‍പ്രിന്റ് തിരിച്ചറിയല്‍, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, സി ടൈപ്പ് യു.എസ്.ബി പോര്‍ട്ടുകള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കും കിയ ഇ.വി 9 എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

തുടക്കത്തില്‍ വാഹനം ഇന്ത്യയിലേക്ക് സി.ബി.യു റൂട്ട് വഴി ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ബേസ് മോഡലിന് 80 ലക്ഷം രൂപക്കടുത്തായിരിക്കും എക്‌സ്‌ഷോറും വില. ജാഗ്വര്‍ എഫ് ടൈപ്പ്, ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍, ബി.എം.ഡബ്ല്യു എം 2, ഓഡി ക്യൂ 8 ഇട്രോണ്‍, ബി.എം.ഡബ്ല്യു ഐ 5 തുടങ്ങിയ വാഹനങ്ങളായിരിക്കും പ്രധാന എതിരാളികള്‍. 

Tags:    
News Summary - Kia New EV9 SUV expected to launch in India in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.