യുവാക്കളുടെ ഹരമായ ഡ്യൂക്ക് 390 യുടെ പുതുതലമുറ മോഡൽ കെ.ടി.എം ഇന്ത്യയിൽ അവതരിപ്പിച്ചു. ബൈക്കിന്‍റെ 2024 പതിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പുതിയ എഞ്ചിനും സസ്‌പെൻഷൻ സജ്ജീകരണവും ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഡ്യൂക്ക് 390 എത്തുന്നത്. പുതിയ സബ് ഫ്രെയിമിനൊപ്പം ഒരു പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ലഭിക്കുന്നു. പ്രഷർ ഡൈ-കാസ്റ്റ് അലുമിനിയം കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, പുതിയ സ്വിങ്ആമും ഉണ്ട്.
വലിയ മാറ്റം ഡിസൈനിൽ കാണാം. നേരത്തെയുള്ള മെലിഞ്ഞ രൂപത്തിന് പകരം, ഇപ്പോൾ കൂടുതൽ മസ്കുലർ ആയി. ടാങ്കിന്‍റെ രൂപത്തിലും വ്യത്യാസമുണ്ട്. ഹെഡ്‌ലാമ്പ് പുതിയതും ഡേ ടൈം റണ്ണിങ് ലാമ്പ് വലുതുമാണ്. പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഉണ്ട്. പിന്നിലെ മോണോഷോക്ക് കുറേക്കൂടി ഉള്ളിലേക്ക് ഒതുക്കി. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ അഞ്ച് ഇഞ്ച് ടി.എഫ്.ടി സ്‌ക്രീൻ നൽകിയിട്ടുണ്ട്.
റൈഡിങ് മോഡുകൾ, പുതിയ ട്രാക്ക് മോഡ്, സൂപ്പർമോട്ടോ എ.ബി.എസ്, ക്വിക്ക്ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ, സ്പീഡ് ലിമിറ്റർ ഫംങ്ഷൻ എന്നിവയും ലഭിക്കുന്നു.ആർ.സി 390ൽ നിന്നാണ് ബ്രേക്കിങ് ഹാർഡ്‌വെയർ എടുത്തത്. ഭാരം കുറഞ്ഞ പുതിയ റോട്ടറുകൾ ആണ് ഇപ്പോഴുള്ളത്. ഡിസ്‌ക് ബ്രേക്കുകൾ മുന്നിൽ 320 എം.എം ഉം പിന്നിൽ 240 എം.എം ഉം ആണ്. ഭാരം കുറഞ്ഞ അലോയ് വീലുകൾക്ക് സ്‌പോക്കുകൾ കുറവാണ്. ഇതും ആർ.സി 390ന് സമാനമാണ്.
എഞ്ചിന്‍റെ ശേഷി 398 സി.സിയായി വർധിപ്പിച്ചിട്ടുണ്ട്. പരമാവധി 44.25 ബി.എച്ച്.പി കരുത്തും 39 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും. ഗിയർബോക്‌സ് 6 സ്പീഡിൽ തന്നെ തുടരുന്നു.
അറ്റ്ലാന്‍റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്. 3.11 ലക്ഷം രൂപ (എക്സ്-ഷോറൂം) ആണ് വില. 4,499 രൂപ നൽകി വെബ്‌സൈറ്റിൽ വാഹനം ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.