രാജ്യത്ത്​ ലംബോർഗിനി ഉറൂസ്​ വിൽപ്പന പൊടിപൊടിക്കുന്നു; കാത്തിരിപ്പ്​ കാലം എട്ട്​-ഒമ്പത്​ മാസം

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ വിൽപ്പന രാജ്യത്ത്​ വർധിച്ചതായി കണക്കുകൾ. കമ്പനിയുടെ ആദ്യ എസ്​.യു.വി ആയ​ ഉറൂസ്​ ആണ്​ വിൽപ്പനയിൽ മുന്നിലുള്ളത്​. ഉറൂസിന്‍റെ കാത്തിരിപ്പ്​ കാലാവധി എട്ടുമുതൽ ഒമ്പത്​ മാസമായെന്ന്​ ലംബൊർഗിനി പറയുന്നു. 2019ൽ വിപണിയിലെത്തിയതുമുതൽ രാജ്യത്ത് കമ്പനിയുടെ ഏറ്റവും ആവശ്യക്കാരുള്ള മോഡലാണ്​ ഉറൂസ്. 2019 ൽ ലംബോർഗിനി ഇന്ത്യയിൽ മൊത്തം 65 യൂനിറ്റുകൾ വിറ്റിരുന്നു. 2018നെ അപേക്ഷിച്ച് 30 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​.


2020ൽ കോവിഡ്​ പ്രശ്​നങ്ങളുണ്ടായിട്ടും 50 യൂനിറ്റ് വിൽപ്പന കൈവരിക്കാൻ ലംബോർഗിനിക്കായി. 2021ൽ ഉറുസിന്‍റെ നേതൃത്വത്തിൽ കമ്പനിയുടെ വിൽപ്പന റിക്കോർഡുകൾ മറികടക്കാനാവുമെന്നാണ്​ പ്രതീക്ഷ. 'ഉറൂസിന്‍റെ വിപണി ആവശ്യം ശക്തമായി തുടരുകയാണ്. ഉറുസിനുള്ള കാത്തിരിപ്പ് സമയം 8-9 മാസത്തിലേക്ക് പോയി. ഇത് വളരെ നല്ല സൂചനയാണ്. ഞങ്ങൾ അവതരിപ്പിച്ച ചില പുതിയ വേരിയന്‍റുകൾക്ക്​ വിപണിയിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്'-ലംബോർഗിനി ഇന്ത്യ മേധാവി ശരദ് അഗർവാൾ പറഞ്ഞു.

നിരവധി ആളുകൾക്ക് അവർ വാങ്ങിയ ആദ്യത്തെ ലംബോർഗിനിയാണ് ഉറൂസ്. 'ഉറുസിലൂടെ ലംബോർഗിനി കുടുംബത്തിലേക്ക് വരുന്ന ആളുകൾ, അവർക്ക് ഇപ്പോൾ രണ്ടാമത്തെ കാർകൂടി വേണമെന്ന് ആഗ്രഹമുണ്ട്. അതൊരു നല്ല സൂചനയാണ്. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ അത്​ ഞങ്ങളെ സഹായിക്കും'-അഗർവാൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.