ലംബോർഗിനി ഉറുസ് എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വി എന്നാണർഥം. എന്നാലിപ്പോൾ ഉറുസുകളിലെ ഏറ്റവും കരുത്തനെ അവതരിപ്പിച്ചിരിക്കുകയാണ് ലാംബൊ. ഉറുസ് പെർഫോമെന്റെ എന്നാണ് പുതിയ സൂപ്പർ എസ്.യു.വിക്ക് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റിൽ വാഹനം ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. നവംബർ 24 ന് ഉറൂസ് പെർഫോമെന്റേ ഇന്ത്യയിലും എത്തും.
പെർഫോമെന്റേ എന്നാൽ മാക്സിമം പെർഫോമൻസ്
ഉറുസ് എസ്.യു.വിയുടെ ട്രാക്ക് ഓറയന്റഡ് മോഡലാണ് പെർഫോമെന്റേ. ഹാൻഡിലിങ് മെച്ചപ്പെടുത്താൻ എയർ സസ്പെൻഷന് പകരം കോയിൽ സ്പ്രിങ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉറുസിലെ അതേ 4.0-ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് പുതിയ പതിപ്പിലും ഉള്ളത്. എന്നാൽ കരുത്ത് കൂടിയിട്ടുണ്ടെന്ന് മാത്രം.
നിലവിലെ ഉറുസിനേക്കാൾ 16 എച്ച്.പി കൂടുതലാണ് പെർഫോമെന്റേ പതിപ്പിന്. 666എച്ച്.പി കരുത്തും 850എൻ.എം ടോർക്കും പുതിയ വാഹനം ഉത്പ്പാദിപ്പിക്കും. ബോണറ്റിലെ പുതിയ എയർ വെന്റുകൾ, റിയർ സ്‌പോയിലർ, റാലി ഡ്രൈവിങ് മോഡ് എന്നിവയും പ്രത്യേകതകളാണ്. 2,60,000 ഡോളർ (ഏകദേശം 2.07 കോടി രൂപ) ആണ് വാഹനത്തിന്റെ വില. പെർഫോമെന്റെ ഇന്ത്യയിൽ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. 2022 അവസാനത്തോടെ വാഹനം ഇന്ത്യയിലും എത്തും.
ഉറുസ് പെർഫോമെന്റെയ്ക്ക് പഴയ വാഹനത്തേക്കാൾ 47 കിലോ ഭാരം കുറവാണ്. വർധിച്ച കരുത്തുകാരണം സൂപ്പർ-എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത 3.3 സെക്കൻഡിൽ ആർജിക്കാൻ കഴിയും. മണിക്കൂറിൽ 306 കി.മീ ആണ് പരമാവധി വേഗം. പിറല്ലി പി സീറോ ട്രോഫിയോ ആർ പെർഫോമൻസ് ടയറുകളും വാഹനത്തിന് ഓപ്ഷനായി ലഭിക്കും.
പെർഫോമെന്റെയിലെ ഡ്രൈവ് മോഡുകളും ലംബോർഗിനി അപ്‌ഡേറ്റുചെയ്‌തു. നിലവിലുള്ള സ്‌ട്രാഡ, സ്‌പോർട്ട്, കോർസ മോഡുകൾക്കൊപ്പം പുതിയ റാലി മോഡും ഇപ്പോൾ ലഭിക്കും. ഈ പുതിയ മോഡ് അൽപ്പം ഓവർസ്റ്റീയർ ലഭിക്കുന്നതിനായി ട്യൂൺ ചെയ്തിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു. പഴയ മോഡലിൽ ഉണ്ടായിരുന്ന എയർ സ്‌പ്രിംഗുകൾക്ക് പകരം ഉറുസ് പെർഫോമന്റെയ്ക്ക് ഇപ്പോൾ കോയിൽ സ്പ്രിംഗ് സജ്ജീകരണമുണ്ട്. മുമ്പത്തേക്കാൾ 20 എംഎം ഉയരം കുറവാണ്. എന്നാൽ വീതി 16 എംഎം, നീളം 25 എംഎം കൂടിയിട്ടുണ്ട്.
കാർബൺ ഫൈബർ ബോണറ്റ് ഇപ്പോൾ സ്റ്റാൻഡേർഡ് ആണ്. കൂടാതെ രണ്ട് ഫങ്ഷണൽ എയർ വെന്റുകളും ലഭിക്കും. ബോണറ്റിൽ ഭാഗികമായി തുറന്നുകാട്ടപ്പെട്ട കാർബൺ ഫൈബർ ഡിസൈൻ ഓപ്ഷനലാണ്. കാർബൺ ഫൈബർ മേൽക്കൂരയും നൽകിയിട്ടുണ്ട്. ഉറുസ് പെർഫോമന്റെയുടെ മുൻ ബമ്പർ എയർ വെന്റുകൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് എഞ്ചിനെ നന്നായി തണുപ്പിക്കാൻ സഹായിക്കും. 23 ഇഞ്ച് അലോയ് വീലുകൾ ഓപ്ഷനലാണ്. പിൻഭാഗത്ത് ബമ്പറിനും പുതിയ വെന്റിനും പുതുക്കിയ ഡിസൈൻ ലഭിക്കും. പുതിയ പിൻ സ്‌പോയിലറും ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റ് പിടുത്തം 38 ശതമാനം കുറയാൻ സ്‌പോയിലർ സഹായിക്കും.
ഉള്ളിൽ ബ്ലാക്ക് അൽകന്റാര സ്റ്റാൻഡേർഡാണ്. സീറ്റുകൾക്ക് പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഡിസൈനാണ്. സീറ്റുകൾ, വാതിലുകൾ, റൂഫ് ലൈനിങ് എന്നിവയിൽ പെർഫോമന്റ് ബാഡ്ജിങും ലഭിക്കും. ഒരു ഡാർക്ക് പാക്കേജും വാഹനത്തിന് ലംബോർഗിനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിൽ ഉടനീളം വിവിധ ആക്‌സന്റുകൾക്ക് മാറ്റ് ബ്ലാക്ക് ഫിനിഷ് നൽകും.
ഔഡി ആർഎസ്‌ക്യു8, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് 707, പോർഷെ കയെൻ ടർബോ ജിടി എന്നിവയുമായാണ് പുതിയ ലംബോർഗിനി സൂപ്പർ-എസ്‌യുവി മത്സരിക്കുന്നത്. അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന വരാനിരിക്കുന്ന ഫെരാരി എസ്‌യുവിക്കും വാഹനം എതിരാളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.