ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വികൾ ഈ സംസ്ഥാനത്ത്; രാജ്യത്ത് മൊത്തം 18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍

രാജ്യ​െത്ത ഇ.വി വിൽപ്പന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണമാണ് മന്ത്രി നിതിൻ ഗഡ്കരി പുറത്തുവിട്ടത്. രാജ്യത്ത് 18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ രാജ്യത്ത് മുന്‍നിത്‍യിലുള്ളത്. ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 4,14,978 ഇവികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്.

1,83,074 ഇലക്ട്രിക് വാഹനങ്ങളുമായി ഡല്‍ഹി രണ്ടാമതാണ്. 1,79,087 ഇവികള്‍ രജിസ്റ്റര്‍ ചെയ്ത് മഹാരാഷ്ട്ര മൂന്നാമതെത്തിയതായും മന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

വിവിധ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശ് കുറച്ച് കാലം മുമ്പാണ് ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്ത് വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്താനാകും. ഇലക്ട്രിക് വാഹന നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും യു.പി ലക്ഷ്യമിടുന്നു.

ഇ-വാഹന നയത്തിന് കീഴില്‍ യു.പി സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷനിലും റോഡ് നികുതിയിലും 100% ഇളവ് നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിനുശേഷം മൂന്ന് വര്‍ഷത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. ഇത് മാത്രമല്ല, യു.പിയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും.

ഏറ്റവും കൂടുതല്‍ പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (പിസിഎസ്) മഹാരാഷ്ട്രയിലാണ് ഉള്ളതെന്നും മന്ത്രി ഗഡ്കരി പറഞ്ഞു. 660 പ്രവര്‍ത്തനക്ഷമമായ പിസിഎസുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഡല്‍ഹിയും (539) തമിഴ്‌നാടും (439) ഇക്കാര്യത്തില്‍ പിറകില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ മൊത്തം 5,151 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കിയതോടെ ഹൈവേകളിലെ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറഞ്ഞതായി മറ്റൊരു ചോദ്യത്തിന് മരന്തി മറുപടി പറഞ്ഞു.

ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) സാങ്കേതികവിദ്യയെ കുറിച്ച് വിശദമായി പഠിക്കാനായി ഹൈവേ അതോറിറ്റി ഒരു ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ എഎന്‍പിആര്‍ അധിഷ്ഠിത സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.

Tags:    
News Summary - UP and Delhi lead India's EV revolution with 30% electric vehicles on road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.