പുതിയ ഇലക്ട്രിക് കാറിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ജാപ്പനീസ് ആഡംബര കാർ നിർമാതാക്കളായ ലെക്സസ്. ഒക്ടോബറിൽ ടോക്കിയോ മോട്ടോർ ഷോയിൽ വാഹനത്തിന്‍റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ് കമ്പനി ചിത്രം പങ്കുവെച്ചത്. ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന വാഹനം 2026ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടീസർ ചിത്രത്തിൽ, ഇവിയുടെ മുൻ ഭാഗമാണ് ഉള്ളത്. സ്ലീക്ക് ഡിസൈനിലുള്ള മുൻവശവും എൽ.ഇ.ഡി ഡി.ആർ.എല്ലുകളുമാണ് സവിശേഷത. കൂടിയ വീൽബേസും അധികം ഉയരമില്ലാത്ത ബോഡി രൂപകൽപനയും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ലെക്സസിന്‍റെ സഹോദര കമ്പനിയായ ടൊയോട്ട വികസിപ്പിച്ചെടുത്ത പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമിലാവും ഇവിയുടെ നിർമാണം.
നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും ആഡംബര ഇന്റീരിയറും ഉൾപ്പെടെ ഏറ്റവും പുതിയ ലെക്‌സസ് സാങ്കേതികവിദ്യകൾ വാഹനത്തിൽ ഉൾപ്പെടുത്തും. കൂടാതെ, കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയിൽ നിന്നുള്ള സ്ലിം, ലിഥിയം-അയൺ ബാറ്ററി പാക്കും ഇതിന് ലഭിക്കും.
പുതിയ ഇവിയെ കുറിച്ച് നിർമാതാവ് കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, ബ്രാൻഡിന്റെ ഇവി ലൈനപ്പിലുള്ള ഒരു മുൻനിര മോഡലായിരിക്കും ഇത്. 2036 ഓടെ തങ്ങളുടെ കാറുകൾ പൂർണമായും വൈദ്യുതീകരിക്കാനുള്ള പദ്ധതിയാണ് ലെക്സസ് ലക്ഷ്യമിടുന്നത്. നിലവിൽ പൂർണ ഇലക്ട്രിക് വാഹനങ്ങളൊന്നും ലെക്സസ് ഇന്ത്യയിലെത്തിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.