ഇലക്ട്രിക് എസ്.യു.വി, എക്സ്.യു.വി 400 അവതരിപ്പിച്ച് മഹീന്ദ്ര. കോംപാക്റ്റ് എസ്.യു.വി എക്സ്.യു.വി 300നെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (എം.ഐ.ഡി.സി) പ്രകാരം ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതൽ ആരംഭിക്കും. ജനുവരിയിൽ ബുക്കിങും വില പ്രഖ്യാപനവും ഡെലിവറിയും തുടങ്ങും.
2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് എക്സ്.യു.വി 300യുടെ പ്രൊഡക്‌ഷൻ പതിപ്പാണ് ഇത്. എന്നാൽ എക്സ്.യു.വിവിയെക്കാൾ 205 എംഎം അധിക നീളമുണ്ട്. 39.4 കിലോവാട്ട് ബാറ്ററി പാക്കും 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമാണ്. 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് എക്സ്.യു.വിയെ അതിന്റെ ക്ലാസിലെ ഏറ്റവും വേഗതയേറിയ ആക്സിലറേഷനുള്ള വാഹനമാക്കി മാറ്റുന്നു. മണിക്കൂറിൽ 150 കി.മീ ആണ് പരമാവധി വേഗം.
50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ എൺപത് ശതമാനം വരെ 50 മിനിറ്റില്‍ ചാർജ് ചെയ്യാൻ സാധിക്കും. 7.2 കിലോവാട്ട് ചാർജിങ് സോക്കറ്റിലൂടെ വാഹനം പൂർണ ചാർജിലെത്താൻ 6 മണിക്കൂർ 30 മിനിറ്റും 3.3 കിലോവാട്ട് ഡൊമസ്റ്റിക് ചാർജറിലൂടെ 13 മണിക്കൂറും വേണ്ടിവരും. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നി മോഡുകളും റീജനറേറ്റീവ് ബ്രേക്കിങ്ങുമുണ്ട് എക്സ്.യു.വിക്ക്.
എക്സ്.യു. 300യെക്കാൾ 205 എംഎം നീളമുണ്ടെങ്കിലും (4200എംഎം) 2600 തന്നെയാണ് വീൽബെയ്സ്. എക്സ്.യു.വി 300ന് സമാനമായ ഹെഡ്‌ലാംപ് കൺസോള്‍. മഹീന്ദ്രയുടെ പുതിയ ലോഗോയും ക്ലോസ്ഡായ ഗ്രില്ലുമാണ്. ബംബറിൽ ബ്രോൺസ് ഫിനിഷും നൽകിയിട്ടുണ്ട്. പിൻഭാഗത്തിന് എക്സ്.യു.വി 300നോട് തന്നെയാണ് സാമ്യം. 16 ഇഞ്ചാണ് അലോയ് വീലുകൾ.
കറുപ്പിൽ കുളിച്ച ഇന്റീരിയറാണ്. എക്സ്.യു.വി 300യുമായി വളരെ അധികം സാമ്യം. സ്വിച്ചുകൾക്കും എസി വെന്റുകൾക്കും ബ്രോൺസ് ഫിനിഷ്. ഡിജിറ്റർ എം.ഐ.ഡിയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. കൂടാതെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ക്രൂസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഓവർ ദ എയർ അപ്ഡേറ്റുകളുള്ള കണക്റ്റഡ് കാർ ടെക് എന്നിവയുണ്ട്. ഐപി67 സുരക്ഷ റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വാഹനത്തിന്. കൂടാതെ 6 എയർബാഗുകൾ, നാലുവീലുകളിലും ഡിസ്ക് ബ്രേക്ക്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും നൽകിയിട്ടുണ്ട്. ടാറ്റ നെക്സൺ ഇ.വിയുടെ നേരിട്ടുള്ള എതിരാളിയാണ് പുതിയ വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.