മാരുതിയുടെ എസ്.യു.വിയായ ജിംനിയെ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകൾ വിലയിരുത്തുകയാണെന്ന് കമ്പനി. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ജിംനി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. മെയ്ഡ്-ഇൻ-ഇന്ത്യ ജിംനികൾ നിലവിൽ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആഭ്യന്തര വിപണിയിൽ വാഹനം എത്തിക്കുന്നതുസംബന്ധിച്ച് കമ്പനി ഇനിയും സ്ഥിരീകരണം നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ മോഡൽ പ്രദർശിപ്പിച്ചതുമുതൽ ജിംനിയുടെ ഇന്ത്യ ലോഞ്ചിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
'ആഭ്യന്തര വിപണിയിൽ ജിംനി എത്തിക്കാനുള്ള സാധ്യത ഞങ്ങൾ വിലയിരുത്തുന്നുണ്ട്. ഓട്ടോ എക്‌സ്‌പോയിൽ ജിംനിക് നല്ല പ്രതികരണമാണ് ലഭിച്ചത്. നിലവിൽ ഇതിന്‍റെ വിവിധ വശങ്ങൾ പഠിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് വാഹനം ഇന്ത്യയിൽ പുറത്തിറക്കാൻ കഴിയും'-മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ജിംനിക്കായി വാഹന പ്രേമികൾ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ചിത്രങ്ങളും വീഡിയോയും കാട്ടി കൊതിപ്പിക്കുന്നതല്ലാതെ എന്നാണ് ജിംനി ഇന്ത്യയിലെത്തുക എന്ന് ഇനിയും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ മാരുതിയുടെ മനേസർ പ്ലാൻറിൽ നിന്ന് ഒരു ബാച്ച് ജിംനികൾ പ്രൊഡക്ഷൻ ലൈൻ വിട്ടിറങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ജിംനി, മഹീന്ദ്രക്ക് പോന്ന എതിരാളി
സുസുക്കി ജിംനിയെ നമ്മുക്ക് മഹീന്ദ്ര ഥാറിെൻറ നേരിട്ടുള്ള എതിരാളിയായി കണക്കാക്കാം. വിദേശ വിപണിയിൽ മൂന്നും അഞ്ചും വാതിലുള്ള ജിംനികൾ ലഭ്യമാണ്. ഇന്ത്യയിൽ ഏതായാലും അഞ്ച് വാതിലുള്ള ജിംനിയാകും വരിക. 3550 മില്ലീമീറ്റർ നീളവും 1645 മില്ലീമീറ്റർ വീതിയും 1730 മില്ലീമീറ്റർ ഉയരവും ഉള്ള വാഹനമാണ് ജിംനി. 2250 മില്ലിമീറ്ററാണ് വീൽബേസ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1.5 ലിറ്റർ നാല് സിലിണ്ടർ കെ 15 ബി മിൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിൽ വരിക. 104.7 പിഎസും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കാം. സിയാസ്, എക്സ് എൽ 6, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ എന്നിവയുൾപ്പെടെ മറ്റ് മാരുതി വാഹനങ്ങളിൽ ഇൗ എഞ്ചിൻ നിലവിലുണ്ട്. 9 മുതൽ 15 ലക്ഷം വരെ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.