മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ ഫ്രോങ്ക്സ് ക്രോസോവറിന്റെ വില പ്രഖ്യാപിച്ചു. 7.47 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് മോഡലിനായി 13.13 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) മുടക്കേണ്ടി വരിക.
ഇതുവരെ 13,000 ബുക്കിങുകൾ ഫ്രോങ്ക്‌സിനായി ലഭിച്ചതായാണ് കമ്പനി പറയുന്നത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ക്രോസ്ഓവർ വാഹനം വിപണിയിൽ എത്തുക. തെരഞ്ഞെടുക്കുന്ന വേരിയന്റുകൾ അനുസരിച്ച് കാറിലെ ഫീച്ചറുകളെല്ലാം വ്യത്യാസപ്പെടും. 3,995 എം.എം നീളവും 1,765 എം.എം വീതിയും 1,550 എം.എം ഉയരവും 2,520 എം.എം വീൽബേസും 308 ലിറ്റർ ബൂട്ട്സ്പേസുമാണ് വാഹനത്തിനുള്ളത്.
ഫീച്ചറുകൾ
ക്രോം ആക്‌സന്റുകളോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫ്രോങ്ക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളുടെ പാക്കേജ് ഫ്രോങ്ക്‌സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്. കാറിന്റെ വിൻഡോ ലൈനിലും ഷാർക്ക് ഫിൻ ആന്റിനയിലും സ്‌പോയിലറിലും ക്രോം ആക്‌സന്റുകളും മാരുതി ഒരുക്കിയിട്ടുണ്ട്.
ക്യാബിൻ പുതിയ ബലേനോയുമായി സാമ്യമുള്ളതാണെങ്കിലും ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂനിറ്റ്, 9 ഇഞ്ച് എന്നിങ്ങനെയുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, നാല് സ്പീക്കറുകൾ, ഒപ്പം ടു ട്വീറ്റർ സജ്ജീകരണം, സുസുകി കണക്റ്റ് ടെലിമാറ്റിക്‌സ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള പിന്തുണ, വയർലെസ് ഫോൺ ചാർജിങ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂസ് കൺട്രോൾ, ഫ്രണ്ട് ഫൂട്ട്‌വെൽ ഇല്യൂമിനേഷൻ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കും. കീലെസ് എൻട്രി, റിവേഴ്സ് പാർക്കിങ് സെൻസറുകൾ, റിയർ ഡിഫോഗർ എന്നിവയും ഫ്രോങ്ക്‌സിന്റെ സവിശേഷതകളാണ്.
എഞ്ചിൻ
1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ- പെട്രോള്‍ എഞ്ചിന്റെ തിരിച്ചുവരവും ഫ്രോങ്ക്സിന്റെ പ്രത്യേകതയാണ്. ഈ എഞ്ചിനുള്ള ഫ്രോങ്ക്‌സിനായി 9,72,500 രൂപ മുതൽ ചെലവഴിക്കേണ്ടി വരും. ഈ എഞ്ചിന് 100 bhp കരുത്തിൽ 148 Nm ടോർക്കും പുറത്തെടുക്കാനാവും. ബലേനോയിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്. ഇത് 90 bhp പവറിൽ പരമാവധി 113 Nm ടോർക് ഉത്പാദിപ്പിക്കും.
രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനി കോർത്തിണക്കിയിട്ടുണ്ട്. ഗിയർബോക്‌സ് കോമ്പിനേഷനിലേക്ക് നോക്കിയാൽ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സാണ് ലഭിക്കുക. അതേസമയം ടർബോയിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.
മാനുവൽ, എഎംടി ഗിയർബോക്‌സുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള മോഡലിന് യഥാക്രമം 21.79 കിലോമീറ്റർ, 22.89 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവും. 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 20.01 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.
സുരക്ഷക്കായി 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയുമായാണ് നൽകിയിരിക്കുന്നത്. സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന ഹെർടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രോസ്ഓവർ പണികഴിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.