ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) കാറുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം.എസ്.ഐ.എൽ) അറിയിച്ചു. എന്നാൽ ഏത് തോതിലായിരിക്കും വിലവർധനവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അനിവാര്യമായ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മാത്രമാണ് കമ്പനി അധികൃതർ പറയുന്നത്. 'നിർമാണ ചെലവുകളുടെ വർധനവ് കാരണം കമ്പനി ഒരു വർഷമായി പ്രതിസന്ധിയിലാണ്. വിലവർധനവിലൂടെ അധിക ചെലവിെൻറ ഒരുഭാഗം ഉപഭോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു'-മാരുതി സുസുക്കി അറിയിച്ചു.
'സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിലാണ് വിലവർധനവ് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യത്യസ്ത മോഡലുകൾക്ക് വർധനവ് വ്യത്യസ്തമായിരിക്കും'എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ കലണ്ടർ വർഷത്തിൽ മൂന്നാം തവണയാണ് കമ്പനി വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ വ്യത്യസ്ത മോഡലുകളുടെ വില ഉയർത്തിയിരുന്നു. ജനുവരിയിലും ഇൻപുട്ട് ചെലവുകളുടെ വർധനവ് പറഞ്ഞ് ചില കാർ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. മോഡലും ശ്രേണികളും അനുസരിച്ച് 34,000 രൂപ വരെ അന്ന് വർധനവ് ഉണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള വിലക്കയറ്റം വാഹന വിൽപ്പന മന്ദഗതിയിലാക്കുമെന്നാണ് സൂചന.
താങ്ങാനാവാത്ത നിർമാണ ചിലവ്
വിലക്കയറ്റത്തിന് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചിരിക്കുന്നത് നിർമാണ സാമഗ്രികളുടെ വില വർധനവാണ്. പ്രത്യേകിച്ച് സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക് എന്നിവക്ക് ഇൗ കാലയളവിൽ വൻതോതിൽ വിലവർധിച്ചിട്ടുണ്ട്. റെനോ, ഹീറോ മോട്ടോകോർപ്പ്, നിസ്സാൻ എന്നിവയും ഏപ്രിലിൽ അവരുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. അതേസമയം, പ്ലാൻറുകളിലെ പ്രവർത്തനം പുനരാരംഭിച്ചതായും സുരക്ഷാ പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചതായും മാരുതി വക്താവ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് സാഹചര്യത്തിെൻറ തീവ്രത കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ ഉത്പാദനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. ഇതോടൊപ്പം ഡീലർഷിപ്പുകൾ തുറക്കുന്നതോടെ, ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.