നോട്ട് നിരോധനവും, ജി.എസ്.ടിയും പോലുള്ള സർക്കാർ നിർമ്മിത ദുരന്തങ്ങൾക്കൊപ്പം പകർച്ചവ്യാധിയും പിടിമുറുക്കിയതോടെ രാജ്യത്തെ ജനങ്ങളുടെ വാങ്ങൾശേഷി കാര്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾക്കായി മുടക്കുന്ന പണത്തിലും കുറവുവന്നിട്ടുണ്ട്. ഈ പ്രവണത ഗുണം ചെയ്തത് സെക്കൻഡ്ഹാൻഡ് വിപണിക്കാണ്. പഠനങ്ങൾ അനുസരിച്ച് പുതിയ സാമ്പത്തിക വർഷത്തിൽ പ്രീ ഓൺഡ് കാറുകളുടെ വിപണി 15 ശതമാനം വർച്ചാനിരക്ക് കൈവരിക്കും. വരും വർഷങ്ങളിൽ ഇത് വർധിക്കുമെന്നും പഠനങ്ങളുണ്ട്.
2021 സാമ്പത്തിക വർഷത്തിലെ 3.8 ദശലക്ഷം യൂനിറ്റുകളിൽ നിന്ന് 2026 ആകുമ്പോഴേക്ക് 7 ദശലക്ഷത്തിലധികം വാഹനങ്ങളായി സെക്കൻഡ്ഹാൻഡ് വിപണി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പുതിയ വാഹനം വാങ്ങുന്നപോലെ അത്ര എളുപ്പമല്ല പഴയ വാഹനം വാങ്ങൽ. കൂടുതൽ കാര്യങ്ങൾ ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിലയോടൊപ്പം നിർമാതാവിന്റെ സേവന ശൃംഖല എത്ര മികച്ചതാണെന്നതും വളരെ പ്രധാനമാണ്. കമ്പനിയുടെ വിശ്വാസ്യത, സർവീസ് നിലവാവരം, ബ്രാൻഡ് ഇമേജ്, റീസെയിൽ വാല്യു, പാർട്സുകളുടെ ലഭ്യതയും വിലയുമെല്ലാം സെക്കൻഡ്ഹാൻഡ് വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കണം.
ഇത്തരം മാനദണ്ഡങ്ങളെല്ലാം വച്ചുകൊണ്ട് ഓട്ടോകാർ ഇന്ത്യയും ഒ.എൽ.എക്സ് ഓട്ടോസും ചേർന്ന് നടത്തിയ പഠനത്തിൽ മാരുതിയുടെ കോമ്പാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസ്സ പ്രീ ഓൺഡ് കാർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് പുരസ്കാരങ്ങളിലധികവും സ്വന്തമാക്കിയതും മാരുതിയാണ്. ബെസ്റ്റ് പ്രീ ഓൺഡ് പ്രീമിയം ഹാച്ച്ബാക്കായി ബലേനോയും പ്രീമിയം സെഡാനായി മാരുതി സിയാസും, സെഡാനായി ഡിസയറും പുരസ്കാരങ്ങൾ പങ്കുവച്ചു.
മാരുതി കഴിഞ്ഞാൽ പിന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഹ്യൂണ്ടായ് ആണ്. മികച്ച സെക്കൻഡ്ഹാൻഡ് ഹാച്ച്ബാക്കായി ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10നും, മിഡ് സൈസ് എസ്.യു.വിയായി ക്രെറ്റയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബഡ്ജറ്റ് സെഡാൻ ഹോണ്ടയുടെ അമേസ് ആണ്. മികച്ച പ്രീമിയം എസ്.യു.വിയായി ടൊയോട്ട ഫോർച്ച്യൂണറും, എം.പി.വിയായി ഇന്നോവയും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.