മെഴ്‌സിഡീസ് ബെന്‍സ് എ.എം.ജി ജി.63 ഗ്രാന്‍ഡ് എഡിഷന്‍ പുറത്തിറക്കി. ആഗോളതലത്തില്‍ ആകെ 1000 യൂനിറ്റുകളേ ഈ സ്റ്റൈലിഷ് എസ്.യു.വി നിർമിച്ചിട്ടുള്ളൂ. ഇതിൽ വെറും 25 എണ്ണം മാത്രമേ ഇന്ത്യക്ക് ലഭിക്കൂ. നാല് കോടി രൂപ ആയിരിക്കും ഇന്ത്യയിലെ വില എന്നാണ് സൂചന.
മെയ്ബാക്ക്, എസ്-ക്ലാസ്, മെഴ്‌സിഡസ്-എ.എം.ജി ഉപഭോക്താക്കൾക്കാവും എ.എം.ജി ജി.63 ഗ്രാന്‍ഡ് എഡിഷന്‍ സ്വന്തമാക്കാനുള്ള മുൻഗണനയെന്ന് മെഴ്‌സിഡീസ് അറിയിച്ചു. 2024 തുടക്കത്തിൽ വാഹനത്തിന്‍റെ വിൽപന ആരംഭിക്കും. 2002 മുതലാണ് എ.എം.ജി ജി.63 വിപണിയിലെത്തിയത്. അത്യാഡംബരവും ഉയർന്ന ഓഫ് റോഡ് കഴിവുമാണ് ഈ കരുത്തൻ എസ്.യു.വിയെ ജനപ്രിയമാക്കിയത്.
എ.എം.ജി ലോഗോയും കലഹാരി ഗോള്‍ഡ് മാഗ്‌നോ ഷേഡിലുള്ള മെഴ്‌സിഡീസ് സ്റ്റാറും എക്സ്റ്റീരിയറിലെ പ്രധാന കാഴ്ചയാണ്. മുൻ, പിൻ ബമ്പറുകളിലും സ്‌പെയര്‍ വീല്‍ റിങിലും ഇതേ നിറത്തിലുള്ള ഫിനിഷ് കാണാം. പെര്‍ഫോമന്‍സ് ബ്രാന്‍ഡിന്റെ അഫാള്‍ട്ടര്‍ബാക്ക് ചിഹ്നം ബോണറ്റില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.
കൂടാതെ, 22 ഇഞ്ച് എ.എം.ജി ഫോര്‍ഗ്ഡ് വീലുകളും ഗോള്‍ഡ് നിറത്തിലാണ്. മാറ്റ് ബ്ലാക്ക് സെന്‍ട്രല്‍ ലോക്കിങ് നട്ട് ഉപയോഗിച്ച് ക്രോസ്-സ്‌പോക്ക് രീതിയിലാണ് അലോയ് വീലിന്‍റെ രൂപകൽപന. സൈഡ് ഫോയിലിങിലും ഇതേ കളര്‍ ഉപയോഗിച്ചിട്ടുണ്ട്.വാഹനത്തിന്റെ ഇന്റീരിയറും അതിമനോഹരമാണ്. കറുപ്പ് നിറത്തിലുള്ള ഡോര്‍ ട്രിമ്മുകളില്‍ 'എ.എം.ജി' ചിഹ്നം ഉപയോഗിച്ചിട്ടുണ്ട്.
ഗോള്‍ഡ് സ്റ്റിച്ചിങിനൊപ്പം കറുപ്പ് ലെതറിലാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. കറുത്ത ഫ്‌ലോര്‍ മാറ്റുകളിലും ഇതേ സ്റ്റിച്ചിങാണുള്ളത്. 4സിലിണ്ടർ v8 എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 577 എച്ച്.പി പവറും 850 എൻ.എം ടോർക്കുമുണ്ട്. നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടതോ വെറും 4.5 സെക്കൻഡ് മാത്രം. പരമാവധി വേഗം 220 കിലോമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.