1000 കിലോമീറ്റർ റേഞ്ചുമായി ബെൻസിന്റെ പുത്തൻ ഇ.വി; വിഷന്‍ ഇ.ക്യൂ.എക്സ്.എക്സ് പ്രോട്ടോടൈപ്പ് ഇന്ത്യയിൽ

1000 കിലോമീറ്റർ റേഞ്ചുള്ള പുത്തൻ വാഹനം രാജ്യത്ത് അവതരിപ്പിച്ച് മെഴ്സിഡസ് ബെൻസ്. വിഷന്‍ ഇ.ക്യൂ.എക്സ്.എക്സ് ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പാണ് ജർമൻ കമ്പനി അവതരിപ്പിച്ചത്. മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യന്റാണ്(0.17Cd) ഇക്യുഎക്‌സ്എക്‌സിന്. ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. ബെൻസ് സേഫ് റോഡ് സമ്മിറ്റിലാണ് വാഹനം പുറംലോകം കണ്ടത്.

മുന്നോട്ട് പോകുമ്പോള്‍ വായുവിന്റെ തടസത്തെ പോലും പരമാവധി കുറക്കുന്ന രൂപകല്‍പനയാണ് ഇ.ക്യൂ.എക്സ്.എക്സിന്റേത്. പരവമാവധി കുറവ് ഊര്‍ജം ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള വാഹനമെന്നാണ് മെഴ്‌സീഡസ് ബെന്‍സ് ഇക്യുഎക്‌സ്എക്‌സിനെ വിശേഷിപ്പിക്കുന്നത്. മക്ലാരൻ സ്പീഡ്ടെയിലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ്ടെയിൽ ഡിസൈനാണ് വാഹനത്തിന്. ബ്രേക്ക് ലൈറ്റായി പ്രവർത്തിക്കുന്ന യു ആകൃതിയിലുള്ള ലൈറ്റ്ബാറും പിൻഭാഗത്തുണ്ട്.


വാഹനത്തിന്റെ സിഗിള്‍ ഇലക്ട്രിക് മോട്ടോറിന് 244 എച്ച്പിയാണ് ശേഷി. 900V വരെ വേഗത്തിൽ ചാര്‍ജ് ചെയ്യാനാവുന്ന 100കിലോവാട്ടിന്റെ ബാറ്ററിയും വാഹനത്തിലുണ്ട്. ഇക്യുഎസ് ശ്രേണിയിലെ ഏത് വാഹനത്തെക്കാളും 250 കിലോമീറ്റര്‍ കൂടുതല്‍ ഇന്ധനക്ഷമതയാണ് പ്രത്യേകത. സസ്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്.

കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് 117 സൗരോര്‍ജ പാനലുകള്‍ EQXXന്റെ മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 25 കിലോമീറ്റര്‍ അധികം സഞ്ചരിക്കാന്‍ ഈ സൗരോര്‍ജ പാനലുകള്‍ സഹായിക്കും. കാറിന്റെ പിന്‍ഭാഗത്തെ ചില്ലും ഈ സൗരോര്‍ജ പാനലുകള്‍ മറയ്ക്കുന്നുണ്ട്. മുന്നിലെ എല്‍.ഇ.ഡി ലൈറ്റ്ബാര്‍ കാറിന്റെ വശങ്ങളിലൂടെ പിന്നിലേക്ക് ഒഴുകുന്നവയാണ്.


കാറിന്റെ ബോണറ്റിലാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ ലോഗോ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളിലേതു പോലെയുള്ള ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകളാണ് EQXXനും ഉണ്ടാവുക. ഇപ്പോള്‍ മെഴ്‌സിഡീസ് ബെന്‍സ് മോഡല്‍ കാറാണ് സേഫ് റോഡ് സമ്മിറ്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ ജനുവരിയില്‍ തന്നെ ഓടിക്കാവുന്ന EQXXനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് മെഴ്‌സിഡീസ് ബെന്‍സ് അറിയിച്ചിരിക്കുന്നത്. ജനുവരിയിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കുമെന്നാണ് സൂചന. 



Tags:    
News Summary - Mercedes-Benz Vision EQXX: 1,000km range EV showcased in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.