ആഡംബരങ്ങൾ നിറച്ച് പുതിയ മെഴ്സിഡസ് മേബാ എസ് ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലക്ഷ്വറി ലിമോസിൻ വിഭാഗത്തിൽപ്പെടുന്ന വാഹനം രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. പ്രാദേശികമായി അസംബിൾ ചെയ്ത എസ് 580, ഇറക്കുമതി ചെയ്യുന്ന എസ് 680 എന്നിവയാണാ വേരിയന്റുകൾ. 2.50 കോടി മുതൽ (എക്സ്-ഷോറൂം, ഇന്ത്യ) 3.20 കോടിവരെയാണ് വില.
മുൻഗാമിയെപ്പോലെ, പുതിയ മേബായും വി 223 (ലോങ്-വീൽബേസ്) എസ്-ക്ലാസ് ലക്ഷ്വറി സെഡാനെ അടിസ്ഥാനമാക്കിയുള്ളതാണ്. വീൽബേസ് 180 എംഎം വർധിച്ചിട്ടുണ്ട്. കൂടുതൽ വിശാലമാണ് ക്യാബിൻ. സൈഡിൽ നിന്ന് നോക്കുമ്പോൾ മെബായുടെ നീട്ടിയ വീൽബേസ് വ്യക്തമാണ്. മുൻ ബമ്പറിലെ അധിക ക്രോമോടുകൂടിയ മേബാക്ക് ഗ്രിൽ ആകർഷകമാണ്. പ്രത്യേക അലോയ് വീലുകളും ടെയിൽഗേറ്റിലെയും സി-പില്ലറുകളിലെയും മേബാ ബാഡ്ജിംഗും ലോഗോകളും ഉൾപ്പെടുന്നു. ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ സ്കീമുകൾ ഉപഭോക്താക്കൾക്ക് ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാം. ക്യാബിനും പുതിയ എസ്-ക്ലാസിൽ നിന്ന് ഏറെ ഭിന്നമല്ല. ഉടമകൾക്ക് മേബാ നിർദ്ദിഷ്ട ഇന്റീരിയർ ട്രിമ്മുകളും ലെതർ അപ്ഹോൾസ്റ്ററിയും തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഡിസ്‌പ്ലേകളും സെൻട്രൽ ടച്ച്‌സ്‌ക്രീനും മെയ്‌ബാക്ക് അധിഷ്ഠിത ഗ്രാഫിക്‌സിലാണ് പ്രവർത്തിക്കുന്നത്. പിൻ സീറ്റുകളും പവേർഡാണ്.
സൗകര്യങ്ങൾ
ഫീച്ചറുകളുടെ കാരയത്തിൽ സമ്പന്നമാണ് മേബാ. എസ്-ക്ലാസിൽ നിന്നുള്ളതും അധികവുമായ എല്ലാ സാങ്കേതിക വിദ്യകളും വാഹനത്തിലുണ്ട്. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, നാല് ക്ലൈമറ്റിക് സോൺസ്, പവേർഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, ഹീറ്റഡ്, വെൻറിലേറ്റഡ് സീറ്റുകൾ, സീറ്റ് മസാജ് ഫംഗ്‌ഷൻ, ഷോഫർ പാക്കേജ്, പനോരമിക് സൺറൂഫ്, പവർ ക്ലോസ് റിയർ ഡോറുകൾ, ജെസ്റ്റർ കൺട്രോൾ, റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, 1,750 വാൾട്ട് ബർമസ്റ്റർ മ്യൂസിക് സിസ്റ്റം, 4ഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹാൻഡ്‌സ് ഫ്രീ പാർക്കിങ് എന്നിങ്ങനെ പ്രത്യേകതകൾ വാഹനത്തിലുണ്ട്.
സ്റ്റിയറിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടെ ലെവൽ 2 ഓട്ടോണമസ് സാങ്കേതികവിദ്യയും മേബാ എസ്-ക്ലാസിൽ സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷക്കായി 13 എയർബാഗുകളും നൽകിയിട്ടുണ്ട്.
എഞ്ചിൻ ഓപ്ഷനുകൾ
മേബാ എസ്-ക്ലാസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ് - 4.0-ലിറ്റർ V8 (എസ് 580) മൈൽഡ്-ഹൈബ്രിഡ്, കൂടുതൽ ശക്തമായ 6.0 ലിറ്റർ V12 (എസ് 680). എസ് 580 503hp-യും 700Nm-ഉം പുറപ്പെടുവിക്കുന്നു. മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം, ഹാർഡ് ആക്സിലറേഷനിൽ 20hp വരെയും 200Nm വരെയും അധിക ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നു. അതേസമയം എസ് 680 612hp കരുത്തും 900Nm ടോർക്കും വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ഫോർവീൽ വാഹനമാണ് മേബാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.