കറുപ്പ് നിറത്തോടുള്ള വാഹനപ്രേമികളുടെ അതിയായ ഇഷ്ടം തിരിച്ചറിഞ്ഞ് വാഹന കമ്പനികൾ ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിക്കുന്ന തിരക്കിലാണിപ്പോൾ. ഹ്യുണ്ടായ്, ടാറ്റ, കിയ തുടങ്ങിയ നിർമാതാക്കൾ വിവിധ മോഡലുകളിൽ ഇതിനകം ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ബ്രിട്ടീഷ് വാഹനഭീമനായ എം.ജി മോട്ടോർ, സെപ്തംബർ ആറിന് ആസ്റ്റർ എസ്.യു.വിയുടെ ബ്ലാക്ക് എഡിഷൻ പുറത്തിറക്കുകയാണ്.
ഈ വർഷം മേയിൽ ഗ്ലോസ്റ്റർ എസ്.യു.വിയുടെ ബ്ലാക്‌സ്റ്റോം എഡിഷൻ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് സമാനമായിരിക്കും ആസ്റ്റർ ബ്ലാക്ക് എഡിഷൻ. അവതരണത്തിന് മുന്നോടിയായി ബ്ലാക്ക് എഡിഷന്‍റെ ടീസർ ചിത്രവും എം.ജി പുറത്തുവിട്ടിട്ടുണ്ട്. കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷൻ, കിയ സെൽറ്റോസ് എക്‌സ് ലൈൻ, സ്‌കോഡ കുഷാഖ് മാറ്റ് എഡിഷൻ തുടങ്ങിയ എതിരാളികളെയാണ് സ്‌പെഷ്യൽ എഡിഷൻ ആസ്റ്റർ നേരിടുക.
അടുത്തിടെ എംജി മോട്ടോർ ആസ്റ്റർ എസ്‌യുവിയുടെ പുതിയ ഹവാന ഗ്രേ കളർ ഓപ്ഷനും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് എം.ജി ആസ്റ്റർ ബ്ലാക്ക് എഡിഷൻ എത്തുന്നത്. എസ്.യു.വിയുടെ ഉയർന്ന വഗഭേതമായ സാവി ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്.
ഗ്ലോസ്റ്റർ ബ്ലാക്‌സ്റ്റോം എഡിഷൻ പോലെ കറിപ്പിൽ പൊതിഞ്ഞാവും ആസ്റ്റർ ഡാർക്ക് എഡിഷനും എത്തുക. എക്സ്റ്റീരിയർ കളർ തീം സ്റ്റാറി ബ്ലാക്ക് ആവുമെന്നാണ് കരുതുന്നത്. പ്രീമിയം ലുക്ക് ലഭിക്കാനായി ചില ഭാഗങ്ങൾക്ക് ക്രോംമിയം ഫിനിഷ് നൽകും. മുൻ ഗ്രില്ലും അലോയ് വീലുകളും സ്‌പോർട്ടിയാക്കാൻ തിളങ്ങുന്ന കറുപ്പ്, ക്രോം, ചുവപ്പ് എന്നീ നിറങ്ങൾ ഉപയോഗിച്ചേക്കും.
എം.ജി ആസ്റ്റർ ഇന്ത്യൻ വിപണിയിൽ അഞ്ച് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്‌റ്റൈൽ, സൂപ്പർ, ഷാർപ്പ്, സ്‌മാർട്ട്, സാവി എന്നിവയാണ് വിവിധ വേരിയന്റുകൾ. 1.5 ലിറ്റർ എൻ.എ പെട്രോൾ, 1.3-ലിറ്റർ ടർബോ-പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് ആസ്റ്റർ ലഭിക്കുന്നത്.
എൻ.എ പെട്രോൾ എഞ്ചിൻ 106 എച്ച്.പി പവറും 144 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ടർബോ-പെട്രോൾ എഞ്ചിനിൽ ഇത് 136 എച്ച്.പി പവറും 220 എൻ.എം ടോർക്കുമാണ്. 5 സ്പീഡ് മാനുവൽ, സി.വി.ടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് എൻ.എ പെട്രോൾ എഞ്ചിനിലുള്ളത്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാണ് ടർബോ പെട്രോൾ എഞ്ചിനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.