വിലയിൽ ഞെട്ടിച്ച് കോമറ്റ് ഇ.വി; തിയാഗോയേക്കാൾ വിലക്കുറവിൽ ഇലക്ട്രിക് കാർ അവതരിപ്പിച്ച് എം.ജി

സർവ്വ പ്രതീക്ഷകളും തെറ്റിച്ച് പുത്തൻ ഇലക്ട്രിക് കാർ അവതരിപ്പിച്ച് എം.ജി മോട്ടോർസ്. 10 ലക്ഷത്തിനടുത്ത് വില പ്രവചിച്ചിരുന്ന വാഹന വിശാരദന്മാരെ അമ്പരപ്പിച്ചാണ് ചൈനീസ് കമ്പനി കുഞ്ഞൻ ഇ.വി കാർ അവതരിപ്പിച്ചിരിക്കുന്നത്. 7.98 ലക്ഷമാണ് പുതിയ ഇ.വിയുടെ വില. 8.69 ലക്ഷം വിലവരുന്ന ടാറ്റയുടെ സ്വന്തം തിയാഗോ ഇ.വിയാണ് പ്രധാന എതിരാളി. ഇതോടെ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വൈദ്യുത പാസഞ്ചർ വാഹനമായി കോമെറ്റ് മാറിയിട്ടുണ്ട്.

കോമെറ്റ് ഇ.വി ഏപ്രിൽ 27 മുതൽ ടെസ്റ്റ് ഡ്രൈവുകൾക്കായി ലഭ്യമാകും. മെയ് 15 മുതൽ ഇവിയുടെ ബുക്കിങ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെയിൽ മൈക്രോ ഇലക്ട്രിക് കാറിന്റെ ഡെലിവറികളും ആരംഭിക്കും. 1,000 കിലോമീറ്റർ ഓടാൻ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് വേണ്ടി വരിക എന്നാണ് എം.ജി അവകാശപ്പെടുന്നത്.


17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞൻ കാറിൽ പ്രവർത്തിക്കുന്നത്. 42 bhp കരുത്തിൽ പരമാവധി 110 Nm ടോർക് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 230 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്. ചാർജിങിന്റെ കാര്യത്തിലും വലിയ തലവേദനകളൊന്നുമുണ്ടാവില്ല. 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി കോമെറ്റ് ചാർജ് ചെയ്യാം.


നാനോയേക്കാൾ ചെറുത്

ടാറ്റയുടെ നാനോ കാറിനെ എല്ലാവർക്കും ഓർമയുണ്ടാകും. കോമറ്റ് ഇ.വി നാനോയേക്കാൾ ചെറിയ വാഹനമാണ്. ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ ഒരു സിറ്റി കാറാണ് കോമറ്റ്. 2,974 എം.എം നീളവും 1,505 എം.എം വീതിയും 1,640 എം.എം ഉയരവും 2,010 എം.എം വീൽബേസുമാണ് കുട്ടികാറിനുള്ളത്. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് പുറത്തെ പ്രധാന സവിശേഷതകൾ.

ഇവിയിൽ കാണുന്ന എൽഇഡി ലൈറ്റ് ബാറിനെ എംജി എക്സ്റ്റെൻഡഡ് ഹൊറൈസൺ കണക്റ്റിങ് ലൈറ്റുകൾ എന്നാണ് വിളിക്കുന്നത്. ഒപ്പം രണ്ട് വിങ് മിററുകളെയും ബന്ധിപ്പിക്കുന്ന ക്രോമിന്റെയും പിയാനോ ബ്ലാക്കിന്റെയും ഒരു സ്ട്രിപ്പും നൽകിയിട്ടുണ്ട്. കാറിന്റെ ചാർജിങ് പോർട്ട് മുൻവശത്താണ് നൽകിയിരിക്കുന്നത്. രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള വാഹനമാണിത്.


അകത്തളം മനോഹരം

സ്‌പേസ് ഗ്രേ ഇന്റീരിയർ തീമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യു മിററുകൾ, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിൽ ലഭിക്കുക.

ഇതുകൂടാതെ പവർ വിൻഡോകൾ, ലെതർ സ്റ്റിയറിങ് വീൽ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, കീലെസ് എൻട്രി, 50:50 സ്പ്ലിറ്റ് പിൻ സീറ്റുകൾ. ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം, ടിപിഎംഎസ്, റിവേഴ്സ് പാർക്കിങ് ക്യാമറ, ഇംപാക്ട് സെൻസിങ് ഓട്ടോ ഡോർ അൺലോക്ക് ഫംഗ്ഷൻ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് ഫംഗ്ഷൻ തുടങ്ങിയ സംവിധാനങ്ങളും എംജി കോമെറ്റിന്റെ ഭാഗമാണ്.

Tags:    
News Summary - MG Comet EV launched at Rs 7.98 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.