കോമെറ്റ് ഇലക്ട്രിക് കാറിന്റെ വിവിധ വേരിയന്റുകളും വിലയും പ്രഖ്യാപിച്ച് എം.ജി. പുറത്തിറക്കി ഒരാഴ്ചക്കകമാണ് വില പ്രഖ്യാപനം ഉണ്ടാകുന്നത്. വാഹനത്തിന്റെ പ്രാരംഭ വില പുറത്തിറക്കിയപ്പോൾ തെന്ന വെളിപ്പെടുത്തിയിരുന്നു. വാഹനത്തിന്റെ പ്രാരംഭ വില 7.98 ലക്ഷം രൂപയാണ്.
പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കോമെറ്റ് എത്തുക. കോമെറ്റ് പേസ് വേരിയന്റിന് 7.98 ലക്ഷം രൂപയും പ്ലേയ്ക്ക് 9.28 ലക്ഷവും പ്ലഷിന് 9.98 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് ആമുഖ വിലയാണെന്നും ആദ്യത്തെ 5,000 ബുക്കിങുകൾക്ക് മാത്രമായിരിക്കും വില ബാധകമായിരിക്കുകയെന്നുമാണ് എംജി മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാൻഡി വൈറ്റ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക് റൂഫ്, ആപ്പിൾ ഗ്രീൻ വിത്ത് സ്റ്റാറി ബ്ലാക്ക് റൂഫ് എന്നീ അഞ്ച് കളർ ഓപ്‌ഷനുകളിലാണ് വാഹനം ലഭ്യമാവുക.
വാഹനം മെയ് 15-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈനായോ ഡീലർഷിപ്പിലെത്തിയോ ബുക്ക് ചെയ്യാം. മെയ് 22 മുതൽ ഡെലിവറികൾ ആരംഭിക്കും. വാഹനം ബുക്ക് ചെയ്‌തവർക്ക് എംജിയുടെ ട്രാക്ക് ആൻഡ് ട്രേസ് ആപ്പ് വഴി നിർമാണ കേന്ദ്രത്തിൽ നിന്ന് തന്നെ എംജി കോമറ്റിന്റെ ഡെലിവറി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനാവും.
കോമെറ്റ് ഇവി വാങ്ങി മൂന്ന് വർഷത്തിനുശേഷം വിൽക്കുകയാണെങ്കിൽ ഇവിയുടെ മൂല്യത്തിന്റെ 60 ശതമാനമെങ്കിലും വാഗ്‌ദാനം ചെയ്യുന്ന ഒരു ബൈബാക്ക് പ്ലാനും എംജി മോട്ടോർ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂ-ഡോർ വാഹനമാണെങ്കിലും കോമെറ്റിൽ 4 പേർക്ക് സഞ്ചരിക്കാനാവും. പിൻസീറ്റ് കൂട്ടകൾക്കാണ് കൂടുതൽ അനുയോജ്യം. ദൈനംദിന നഗരയാത്രകൾക്ക് ഏറെ ഉത്തമമാണ് ഈ ചെറുകാർ.
ടാറ്റ ഓട്ടോകോമ്പിൽ നിന്നും പ്രാദേശികമായി കടമെടുത്ത 17.3kWh ബാറ്ററി പായ്ക്കാണ് കോമെറ്റ് ഇവിയുടെ ഹൃദയം. ഇത് 42 bhp കരുത്തിൽ പരമാവധി 110 Nm ടോർക് നൽകും. സിംഗിൾ, ഫ്രണ്ട് ആക്‌സിൽ ഇലക്ട്രിക് മോട്ടോറാണ് ഇവിയിൽ പ്രവർത്തിക്കുന്നത്. പവർട്രെയിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായും ബാറ്ററി പായ്ക്ക് IP67-റേറ്റഡ് അംഗീകാരവും നേടിയിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാറിൽ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.