കുഞ്ഞൻ ഇലക്ട്രിക് കാറായ കോമറ്റിന്റെ നിർമാണം ആരംഭിച്ച് എം.ജി മോട്ടോർസ്. ഏപ്രിൽ 19ന് വാഹനം അവതരിപ്പിക്കാനാണ് എം.ജി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലിൽ വിപണിയിലെത്തുന്ന കോമെറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്.
കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുള്ള കുഞ്ഞൻ കാറിയാരിക്കും കോമെറ്റ്. വിദേശ വിപണികളിൽ വിൽക്കുന്ന വുലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിരിക്കുന്ന മോഡലാണ് എംജി കോമെറ്റ്. ഗുജറാത്തിലെ ഹാലോളിലുള്ള നിർമാണ കേന്ദ്രത്തിൽ നിന്ന് 2-ഡോർ ഇ.വിയുടെ ആദ്യ യൂണിറ്റ് എംജി മോട്ടോർസ് പുറത്തിറക്കിയിട്ടുണ്ട്. ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കോമെറ്റിന്റെ നിർമാണം. 2.9 മീറ്റർ നീളമുള്ള കോമെറ്റ് തിരക്കേറിയ നഗര യാത്രകൾക്ക് അനുയോജ്യമായിരിക്കും.
കരുത്തേറിയ സോളിഡ് സ്റ്റീൽ ഷാസിയിലാണ് കോമറ്റ് ഇ.വി നിർമിച്ചിരിക്കുന്നതെന്ന് എം.ജി പറയുന്നു. ഭംഗിയുള്ളതും ഫ്യുച്ചറിസ്റ്റിക്കുമായ രൂപമാണ് വാഹനത്തിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. മുന്നിൽ മധ്യഭാഗത്തുള്ള വലിയ എംജി ബാഡ്ജ്, മുൻവശത്ത് തിരശ്ചീനമായി ഒഴുകുന്ന ലൈറ്റിങ് സ്ട്രിപ്പ്, ബമ്പറിന്റെ താഴത്തെ ഭാഗത്ത് എയർ ഇൻടേക്ക്, വശങ്ങളിലായി ഇടംപിടിച്ചിരിക്കുന്ന ഇൻഡിക്കേറ്ററുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ബ്ലാക്കിൽ പൂർത്തിയാക്കിയിരിക്കുന്ന ഫ്രണ്ട് വിൻഡ്‌ഷീൽഡും റൂഫും ഉയരമുള്ള പില്ലറുകളും ഡ്യുവൽ ടോൺ രൂപവും വീലുകളുടെ സ്‌പോർട്ടി ഡിസൈനുമെല്ലാം ചേരുമ്പോൾ കോമെറ്റിന് പ്രീമിയം ഫീൽ ലഭിക്കും.
വരാനിരിക്കുന്ന കോമെറ്റ് ഇ.വിയുടെ സാങ്കേതിക സവിശേഷതകൾ ടീസർ ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും എം.ജി പുറത്തുവിട്ടിരുന്നു. ചെറിയ വണ്ടിയാണെങ്കിലും വലിയ സൗകര്യങ്ങളാണ് ഇന്റീരിയറിൽ ഒരുക്കിയിട്ടുള്ളത്. ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യകൾ ഇ.വിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. മെർസിഡീസ് ബെൻസ് കാറുകളിൽ കാണുന്ന പോലുള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണമാണ് ടു-ഡോർ മൈക്രോ കാറിൽ നൽകുന്നത്. അതായത് ഇൻസ്ട്രുമെന്റ് കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും യഥാക്രമം രണ്ട് 10.25 ഇഞ്ച് ഡിജിറ്റൽ സ്ക്രീനുകൾ ലഭിക്കും.
കൂടാതെ ഫ്ലോട്ടിങ് യൂനിറ്റുകൾക്ക് കസ്റ്റമൈസ് ചെയ്യാനാവുന്ന ഗ്രാഫിക്സും ഇതിലുണ്ടാവും. വോയിസ് കമാൻഡുകൾ, മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ എന്നിവയും പ്രത്യേകതയാണ്. നാവിഗേഷൻ, കണക്റ്റിവിറ്റി ഓപ്ഷനുകൾ മുതലായവയിലേക്ക് ആക്‌സസ് നൽകുന്നതിന് വ്യത്യസ്‌ത അളവുകളുള്ള വിജറ്റുകളുള്ള വിനോദ സംവിധാനവും എം.ജി കോമെറ്റിൽ ലഭ്യമാകും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക്, സിംഗിൾ പാൻ സൺറൂഫ് എന്നിവയും പ്രത്യേകതകളാണ്.
കോമറ്റിന് 20 kWh മുതൽ 25 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും നൽകുകയെന്നാണ് വിവരം. 200 മുതൽ 300 കിലോമീറ്റർ വരെ റേഞ്ച് വാഹനത്തിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.