കരുത്തു കാണിക്കാൻ മിനി കൂപ്പർ എസ്; 3 ഡോര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്

ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് മിനികൂപ്പറിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക്. മിനികൂപ്പറിന്റെ ഐക്കോണിക് ഹാച്ച് നാലാം തലമുറ എസ് മോഡലാണു ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 44.90 ലക്ഷം രൂപയാണ് എക്‌സ് ഷോറും വില. ആഗോളതലത്തില്‍, മിനിയുടെ ഫൈവ് ഡോര്‍ പതിപ്പ് ലഭ്യമാണെങ്കിലും അതിന്റെ 3-ഡോര്‍ പതിപ്പാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

204 ബി.എച്ച്.പി കരുത്തു നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എൻജിനാണ് കൂപ്പര്‍ എസിന് നല്‍കിയിരിക്കുന്നത്. നാല് സിലിണ്ടര്‍ എൻജിനിലാണ് ഹാച്ച്ബാക്കിന്റെ കരുത്ത്. പഴയ മോഡലിനേക്കാള്‍ കരുത്ത് വാഹനത്തിനു നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗത്തില്‍ പ്രകടമാണ്. എൻജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. മാനുവല്‍ നിയന്ത്രണത്തിനായി പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കിയിട്ടില്ല. 6.6 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ കൂപ്പറിനു സാധിക്കും.

വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റും പുതിയ ഫ്രണ്ട് ഗ്രില്ലും മിനിയുടെ ട്രേഡ്മാര്‍ക്ക് ഡിസൈന്‍ തീമില്‍ തന്നെയാണു നിർമിച്ചിരിക്കുന്നത്. എക്സ്റ്റീരിയര്‍ ക്രോംരഹിതമാണ്. വീല്‍ ആര്‍ച്ചുകള്‍ക്ക് ധാരാളം പ്ലാസ്റ്റിക് ക്ലാഡിങ് ലഭ്യമാക്കിയിരിക്കുന്നു. ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍ ഐക്കോണിക് ആയി തുടരുന്നുണ്ട്. ടെയില്‍ ലൈറ്റുകള്‍ ത്രികോണാകൃതിയില്‍ പൂർണമായും റീഡിസൈന്‍ ചെയ്തിട്ടുണ്ട്. ആകര്‍ഷകമായ മുന്‍ - പിന്‍ ബമ്പറുകള്‍ നല്‍കിയിരിക്കുന്നു.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒഴിവാക്കിക്കൊണ്ട്, ചുരുങ്ങിയ രീതിയിലാണ് അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. എ.സി വെന്റുകള്‍ ഡാഷ്ബോര്‍ഡിലേക്ക് ഭംഗിയായി സംയോജിപ്പിച്ചിട്ടുണ്ട്. ഇന്റീരിയര്‍ ഹൈലൈറ്റുകളില്‍ 9.4 ഇഞ്ച് റൗണ്ട് ഒ.എൽ.ഇ.ഡി ടച്ച്സ്‌ക്രീന്‍ ആണ് നല്‍കിയിരിക്കുന്നത്. സാംസങ്ങിനൊപ്പം വികസിപ്പിച്ച മിനിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. പഴയ കൂപ്പറിനും വൃത്താകൃതിയിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തന്നെയായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക്കിനൊപ്പം പുതിയ കൂപ്പര്‍ എസിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. കൂപ്പര്‍ എസിന് ഇന്ത്യയില്‍ നേരിട്ട് എതിരാളികളില്ല. ഈ വര്‍ഷാവസാനം ഇതിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി വിപണിയില്‍ ഇറക്കും.

Tags:    
News Summary - MINI launches new Cooper S in India; deliveries start September 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.