ഗോവയിൽ പുതിയ അവതാരപ്പിറവി; ‘റോയൽസി’നെ ത്രസിപ്പിക്കാൻ ഷോട്ട്​ ഗൺ എത്തി

രാജകീയംഎന്നാണ്​ റോയൽ എൻഫീൽഡ്​ വാഹനങ്ങളെ ആരാധകർ വിളിക്കുന്നത്​. അതുകൊണ്ടുതന്നെ ഈ വാഹനം ഉപയോഗിക്കുന്നവരെല്ലാം ‘റോയൽസാ’ണ്​. ​നൂതനത്വം കൊണ്ടും യുവത്വം കൊണ്ടും തങ്ങളുടെ ഉത്​പ്പന്ന നിരയെ പരിഷ്കരിക്കുന്നത്​ തുടരുകയാണ്​​ റോയൽ എൻഫീൽഡ്​. സൂപ്പർ മീറ്റിയോറിനും പുത്തൻ ഹിമാലയനും പിന്നാലെ പുതിയ പടക്കുതിരയെ രംഗത്ത്​ ഇറക്കിയിരിക്കുകയാണ്​ കമ്പനി.


ക്രൂസർ, അഡ്വഞ്ചർ വിഭാഗങ്ങളിലാണ്​ മുൻ ബൈക്കുകൾ എത്തിയതെങ്കിൽ പുതിയ അവതാരപ്പിറവി ബോബർ സെഗ്​മെന്‍റിലാണ്​​. ഷോട്ട്​ ഗൺ എന്ന്​ പേരിട്ടിരിക്കുന്ന 650 സി.സി വാഹനം ഗോവയിൽ നടന്ന മോട്ടോവേഴ്​സ്​ 2023ലാണ്​ അവതരിപ്പിച്ചത്​.

ഷോട്ട്​ ഗൺ എന്ന പേര്​ റോയൽ എൻഫീൽഡ് ട്രേഡ്​ മാർക്​ ചെയ്യു​ന്നത്​ 2021ലാണ്​. അന്നുമുതൽ ഇത്തരമൊരു വാഹനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്​. 650 സി.സിയിൽ ആദ്യം സൂപ്പർ മീറ്റിയോർ വന്നപ്പോഴും ഷോട്ട്​ ഗൺ ഉടൻ അവതരിപ്പിക്കുമെന്ന പ്രതീക്ഷ ആർ.ഇ നൽകിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ ഈ ബോബർ മോട്ടോർസൈക്കിളിന്റെ 25 യൂനിറ്റുകൾ മാത്രമേ എൻഫീൽഡ്​ ലഭ്യമാക്കിയിട്ടുള്ളൂ. ഇവ ഹാൻഡ് പെയിന്റഡ് സ്പെഷ്യൽ മോഡലുകളുമാണ്.


മോട്ടോവേഴ്‌സ് ഇവന്റിൽ പങ്കെടുക്കുന്ന 25 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ ഷോട്ട്​ഗൺ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. ഷോട്ട്ഗൺ 650 യുടെ വിശദമായ സവിശേഷതകളും ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റോയൽ എൻഫീൽഡ്​ ലൈനപ്പിലെ 650 സിസി യൂനിറ്റുകളിലെ അതേ 649 സിസി, എയർ/ ഓയിൽ കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് വാഹനത്തിന്​ കരുത്തേകുന്നത്. ഈ യൂനിറ്റ് പരമാവധി 47 bhp പവറും 52 Nm പീക്​ ടോർക്കും പുറപ്പെടുവക്കും. ആറ് സ്പീഡ് ഗിയർബോക്സാണ്​.


നീലയും കറുപ്പും ചേർന്നുള്ള ഷേഡുകൾ സംയോജിപ്പിച്ച് വളരെ ആകർഷകമായാണ്​ വാഹനത്തിനെ​ പെയിന്‍റ് ചെയ്തിരിക്കുന്നത്​.​ ഫീച്ചറുകളുടെ പട്ടികയിൽ, ഫുൾ എൽഇഡി ലൈറ്റിങ്​ സിസ്റ്റവും ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളോട് കൂടിയ സെമി ഡിജിറ്റൽ കൺസോളും ലഭിക്കും. ഷോട്ട്​ഗണ്ണിന് സൂപ്പർ മീറ്റിയോറിന്​ സമാനമായിട്ടായിരിക്കും വിലയിടുക. ഏകദേശം 4.25 ലക്ഷം രൂപയായിരിക്കും വാഹനം പുറത്തിറങ്ങുമ്പോൾ എക്സ്ഷോറൂം വില.

Tags:    
News Summary - Motoverse 2023: Royal Enfield Shotgun 650 Unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.