ഗോവയിൽ പുതിയ അവതാരപ്പിറവി; ‘റോയൽസി’നെ ത്രസിപ്പിക്കാൻ ഷോട്ട് ഗൺ എത്തി
text_fieldsരാജകീയംഎന്നാണ് റോയൽ എൻഫീൽഡ് വാഹനങ്ങളെ ആരാധകർ വിളിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാഹനം ഉപയോഗിക്കുന്നവരെല്ലാം ‘റോയൽസാ’ണ്. നൂതനത്വം കൊണ്ടും യുവത്വം കൊണ്ടും തങ്ങളുടെ ഉത്പ്പന്ന നിരയെ പരിഷ്കരിക്കുന്നത് തുടരുകയാണ് റോയൽ എൻഫീൽഡ്. സൂപ്പർ മീറ്റിയോറിനും പുത്തൻ ഹിമാലയനും പിന്നാലെ പുതിയ പടക്കുതിരയെ രംഗത്ത് ഇറക്കിയിരിക്കുകയാണ് കമ്പനി.
ക്രൂസർ, അഡ്വഞ്ചർ വിഭാഗങ്ങളിലാണ് മുൻ ബൈക്കുകൾ എത്തിയതെങ്കിൽ പുതിയ അവതാരപ്പിറവി ബോബർ സെഗ്മെന്റിലാണ്. ഷോട്ട് ഗൺ എന്ന് പേരിട്ടിരിക്കുന്ന 650 സി.സി വാഹനം ഗോവയിൽ നടന്ന മോട്ടോവേഴ്‌സ് 2023ലാണ് അവതരിപ്പിച്ചത്.
ഷോട്ട് ഗൺ എന്ന പേര് റോയൽ എൻഫീൽഡ് ട്രേഡ് മാർക് ചെയ്യുന്നത് 2021ലാണ്. അന്നുമുതൽ ഇത്തരമൊരു വാഹനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. 650 സി.സിയിൽ ആദ്യം സൂപ്പർ മീറ്റിയോർ വന്നപ്പോഴും ഷോട്ട് ഗൺ ഉടൻ അവതരിപ്പിക്കുമെന്ന പ്രതീക്ഷ ആർ.ഇ നൽകിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ ഈ ബോബർ മോട്ടോർസൈക്കിളിന്റെ 25 യൂനിറ്റുകൾ മാത്രമേ എൻഫീൽഡ് ലഭ്യമാക്കിയിട്ടുള്ളൂ. ഇവ ഹാൻഡ് പെയിന്റഡ് സ്പെഷ്യൽ മോഡലുകളുമാണ്.
മോട്ടോവേഴ്‌സ് ഇവന്റിൽ പങ്കെടുക്കുന്ന 25 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ ഷോട്ട്ഗൺ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. ഷോട്ട്ഗൺ 650 യുടെ വിശദമായ സവിശേഷതകളും ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റോയൽ എൻഫീൽഡ് ലൈനപ്പിലെ 650 സിസി യൂനിറ്റുകളിലെ അതേ 649 സിസി, എയർ/ ഓയിൽ കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ യൂനിറ്റ് പരമാവധി 47 bhp പവറും 52 Nm പീക് ടോർക്കും പുറപ്പെടുവക്കും. ആറ് സ്പീഡ് ഗിയർബോക്സാണ്.
നീലയും കറുപ്പും ചേർന്നുള്ള ഷേഡുകൾ സംയോജിപ്പിച്ച് വളരെ ആകർഷകമായാണ് വാഹനത്തിനെ പെയിന്‍റ് ചെയ്തിരിക്കുന്നത്. ഫീച്ചറുകളുടെ പട്ടികയിൽ, ഫുൾ എൽഇഡി ലൈറ്റിങ് സിസ്റ്റവും ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളോട് കൂടിയ സെമി ഡിജിറ്റൽ കൺസോളും ലഭിക്കും. ഷോട്ട്ഗണ്ണിന് സൂപ്പർ മീറ്റിയോറിന് സമാനമായിട്ടായിരിക്കും വിലയിടുക. ഏകദേശം 4.25 ലക്ഷം രൂപയായിരിക്കും വാഹനം പുറത്തിറങ്ങുമ്പോൾ എക്സ്ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.