വാഹനപ്രേമിയായ എം.എസ്. ധോണിയുടെ ഗാരേജിലേക്ക് കിയ ഇവി സിക്സ് എത്തി. ഹമ്മർ എച്ച് 2, വിന്‍റേജ് മോഡൽ ലാൻഡ് റോവർ 3, ഔഡി ക്യൂ 7, ജീപ്പ് ഗ്രാൻഡ് ചെറോക്കി, മെഴ്‌സിഡസ് ബെൻസ് ജി.എൽ.ഇ എന്നിങ്ങനെ നീളുന്ന വാഹനങ്ങളുടെ ലോകത്തേക്കാണ് പുതിയ അതിഥിയെത്തിയത്. ധോണി സ്വന്തമാക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണിത്.കാറുകളേക്കാൾ ഇരുചക്രവാഹനങ്ങളുടെ ശേഖരത്താലാണ് ധോണി അറിയപ്പെടുന്നത്. ബാലിസ്റ്റിക് കവാസാക്കി എച്ച്2ആർ മുതൽ യമഹ ആർ.ഡി 350 എന്ന ക്ലിസിക് ബൈക്ക് അടമുള്ളവ അവയിലുണ്ട്.
കിയ ഇവി സിക്സ് ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 200 യൂനിറ്റുകൾ മാത്രമാണ് ഇന്ത്യക്കായി കമ്പനി എത്തിച്ചത്. എന്നാൽ, ഇൗ ഇലക്ട്രിക് ക്രോസ്ഓവറിന്റെ മുഴുവൻ യൂനിറ്റുകളും വിറ്റുപോയി എന്നതാണ് ശ്രദ്ധേയം. കൂടുതൽ ഇലക്ട്രിക് ഹൈബ്രിഡ് കാറുകൾ അവതരിപ്പിച്ച് തങ്ങളുടെ വാഹന നിരയെ ജനകീയമാക്കാനാണ് കമ്പനിയുടെ തീരുമാനം.
800 വി ആർക്കിടെക്ചറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന 77.4 കെ.ഡബ്ല്യൂ.എച്ച് ബാറ്ററി ലി-ലോൺ ബാറ്ററിയാണ് ഇവി സിക്സിന്‍റെ കരുത്ത്. കൂടാതെ എ.ആർ.എ.െഎ സാക്ഷ്യപ്പെടുത്തിയ 708 കിലോമീറ്റർ റേഞ്ചുമുണ്ട്. 350 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം. പരിസ്ഥിതി സൗഹൃദ സാമഗ്രികൾ കൊണ്ടാണ് ഇന്റീരിയർ നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഫ്രണ്ട് ആക്‌സിലിൽ ഇ-മോട്ടോർ ഘടിപ്പിച്ച ടൂ-വീൽ ഡ്രൈവ് വേരിയന്റിന് 59.95 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) വില. രണ്ട് ആക്‌സിലുകളിലും ഇ-മോട്ടോറുകൾ ഉള്ള ഓൾ വീൽ ഡ്രൈവ് വേരിയന്റാണ് എം.എസ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. 64.95 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. ടൂ-വീൽ ഡ്രൈവ് ഇവി സിക്സ് 225 എച്ച്.പി പവറും 350 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഓൾ വീൽ ഡ്രൈവിന് 320 എച്ച്.പിയും 605 എൻ.എം പീക്ക് ടോർക്കുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.