വാഹനങ്ങൾ കെട്ടിവലിക്കുന്നത് കൊലക്കയറാകരുതെന്ന് എം.വി.ഡിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: വാഹനം കെട്ടിവലിക്കുമ്പോൾ അത് മറ്റുള്ള യാത്രക്കാർക്ക് കൊലക്കയർ ആകരുതെന്ന് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർടുമെന്റിന്റെ (എം.വി.ഡി) മുന്നറിയിപ്പ്. ഇന്നലെ ആലുവയിൽ കെട്ടിവലിക്കുന്ന ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി ബൈക്കുയാത്രക്കാരനായ വിദ്യാർഥി ദാരുണമായി മരിച്ചതിനെ തുടർന്നാണ് ഈ അറിയിപ്പ്.

ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല. കെട്ടിവലിക്കുമ്പോൾ പരമാവധി വേഗപരിധി മണിക്കൂറിൽ 25 കിലോ മീറ്ററിൽ കൂടാൻ പാടില്ല. ഇരുവാഹനവും തമ്മിൽ ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ ചെയിനോ മറ്റുള്ളവർക്ക് വ്യക്തമായി കാണാൻ സാധിക്കണം. "ON TOW" അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കണം. അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ മോശം കാലാവസ്ഥയിലോ വാഹനം കെട്ടിവലിക്കരുത്. 2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടിവലിക്കേണ്ടി വരുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തണം.

കെട്ടിവലിക്കുമ്പോൾ ജങ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നീങ്ങണം. പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങളെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകണം. ഇത് ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും എം.വി.ഡി അറിയിച്ചു.

ഇന്നലെ ദേശീയ പാതയിൽ അമ്പാട്ടുകാവ് ഭാഗത്തെ യു ടേണിലാണ് കേടായ ഓട്ടോ മറ്റൊരു ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനി​ടെ കയർ കുടുങ്ങി ബൈക്ക് യാത്രികനായ മാറമ്പിള്ളി കുന്നത്തുകരയിൽ താമസിക്കുന്ന എളമന തൂമ്പളായിൽ പരേതനായ അബ്ബാസിന്റെ മകൻ ഫഹദ് (20) മരിച്ചത്. കളമശേരി ഗവ. ഐ.ടി.ഐ വിദ്യാർഥിയായ ഫഹദ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

കേടായ ഓട്ടോറിക്ഷയെ കയറുപയോഗിച്ച് മറ്റൊരു ഓട്ടോറിക്ഷ കെട്ടിവലിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള റോഡിലേക്ക് യു ടേൺ തിരിയാൻ കിടന്ന ഓട്ടോറിക്ഷകൾക്കിടയിലുണ്ടായിരുന്ന കയർ താഴ്ന്ന് കിടക്കുകയായിരുന്നു. ഇത് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഫഹദി​െന്റ ശ്രദ്ധയിൽപെട്ടിരുന്നില്ല. ബൈക്ക് അടുത്തെത്തിയപ്പോഴേക്കും കയർ പൊങ്ങുകയും കഴുത്ത് ഇതിൽ തട്ടുകയും ചെയ്തു. തെറിച്ചുവീണ് തലക്ക് സാരമായി പരിക്കേറ്റ ഫഹദിനെ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും രക്ഷിക്കാനായില്ല.

എം.വി.ഡിയുടെ കുറിപ്പ്:

ഇന്നലെ ആലുവയിൽ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിക്കുകയുണ്ടായി.

സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് അടുത്ത വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്.

കൂടാതെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്. 2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.

1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല.

2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.

3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.

4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.

5. 10 സെൻറിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് " ON TOW " അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്. അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.

കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജങ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും

Tags:    
News Summary - MVD's warning for tying vehicles, towing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.