കുന്നുംമലയും താണ്ടാൻ കെൽപ്പുള്ള റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്കാണ് ഹിമാലയൻ. ഓൺറോഡിലും ഓഫ്റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ ഹിമാലയനാകും. നിലവിൽ 411 സി.സി എഞ്ചിനിലാണ് ഹിമാലയൻ വിപണിയിൽ എത്തുന്നത്. ഹിമാലയന്റെ ഒരു 450 സി.സി മോഡൽകൂടി പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഈ വർഷംതന്നെ പുറത്തിറങ്ങുന്ന വാഹനത്തിന് നിരവധി പുത്തൻ ഫീച്ചറുകളും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്യു G310 GS എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നതിനായാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 എത്തുന്നത്. എൻഫീൽഡിന്റെ നിലവിലെ ലൈനപ്പിലെ മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ധാരാളം സവിശേഷതകളുമായാണ് അഡ്വഞ്ചർ ബൈക്ക് പിറവിയെടുക്കുക.
350 സിസി, 411 സിസി, 650 സിസി എന്നിങ്ങനെ മൂന്ന് എഞ്ചിൻ വിഭാഗങ്ങളിലായാണ് എൻഫീൽഡ് ഇപ്പോൾ ബൈക്കുകൾ പുറത്തിറക്കുന്നത്. ഈ മൂന്ന് ശ്രേണികള്‍ക്ക് പുറമെ, പുതിയൊരു വിഭാഗം കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഫലമാണ് പുതിയ 450 സിസി എഞ്ചിൻ. ഇത് ആദ്യമായി പുത്തൻ ഹിമാലയനിലൂടെ യാഥാർഥ്യമാവും. ഈ എഞ്ചിനുമായി അഞ്ചോളം മോഡലുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന.
പുതിയ 450 സിസി സിംഗിൾ-സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂൾഡ് എഞ്ചിനാവും റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിലൂടെ അരങ്ങേറ്റം. 40 bhp കരുത്തിൽ 35 Nm ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. പുതിയൊരു ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ADV മോട്ടോർസൈക്കിൾ നിർമിക്കുന്നത്. ഇത് നിലവിലെ പ്ലാറ്റ്ഫോമിനേക്കാൾ മികവുറ്റതായിരിക്കുമെന്നാണ് വിവരം. അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകൾ ആയിരിക്കും ബൈക്കിന്റെ മറ്റൊരു സവിശേഷത. ലോംഗ് ട്രാവൽ സസ്‌പെൻഷൻ യൂനിറ്റ്, പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റ് ഉള്ള ഓഫ്-സെറ്റ് റിയർ മോണോഷോക്ക് എന്നിവയും മറ്റ് ഹൈലൈറ്റുകളായിരിക്കും.
റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറ്റവും വലിയ പോരായാമകളായി പലരും ചൂണ്ടികാണിക്കുന്ന ഒന്നാണ് ഹാലജൻ ബൾബുകളുടെ ഉപയോഗം. കമ്മ്യൂട്ടർ ബൈക്കുകൾ പോലും എൽഇഡിയിലേക്ക് ചേക്കേറിയപ്പോൾ എൻഫീൽഡ് ഇതിന് മടികാണിക്കുകയാണ്. ഹിമാലയൻ 450 ഇക്കാര്യവും പൊളിച്ചെഴുതും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം എൽഇഡി ടെയിൽ ലാമ്പും എൽഇഡി ടേൺ സിഗ്നലുകളും ഉൾക്കൊള്ളുന്നതാണ് പുത്തൻ വണ്ടിയെന്നാണ് വിവരം. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ആണ് മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.