ഗമ ഇത്തിരി കുറയും, ഥാറും ബ്രെസ്സയും നെക്സോണും ഇനിമുതൽ ‘എസ്.യു.വി’കളല്ല; കാരണം ഇതാണ്

നാട്ടുകാരെല്ലാം എസ്.യു.വിയാണെന്ന ഗമയിൽ വാങ്ങി ഓടിച്ചിരുന്ന വാഹനങ്ങളെ ഒരു സുപ്രഭാതത്തിൽ അങ്ങിനെയല്ലാതാക്കി കേന്ദ്രം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേർന്ന 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് കുറേ എസ്.യു.വികളെ പിടിച്ച് വന്ധീകരിച്ചത്. വാഹനങ്ങളെ വിവിധ കാറ്റഗറികളായി തരംതിരിക്കുന്നതിന് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതോടെയാണ് നിരവധി ജനപ്രിയ മോഡലുകൾ എസ്.യു.വി പട്ടികയിൽ നിന്ന് പുറത്തായത്.

എസ്.യു.വിക്ക് ജിഎസ്ടി കൗണ്‍സില്‍ പുതിയ നിര്‍വചനം നൽകിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സില്‍ പറയുന്നത് ഒരു വാഹനം എസ്‌യുവിയായി വിശേഷിപ്പിക്കപ്പെടണമെങ്കില്‍ അത് 4,000 മില്ലീമീറ്ററിലധികം നീളവും 1500 സി.സിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയും 170 മില്ലീമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ടായിരിക്കണം എന്നാണ്. ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, മഹീന്ദ്ര ഥാർ തുടങ്ങിയ ജനപ്രിയ വാഹനങ്ങളെല്ലാം ഇതോടെ എസ്.യു.വി പട്ടികയിൽ നിന്ന് പുറത്തായി. ഈ വാഹങ്ങളെക്കൂടാതെ ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളും ഇനിമുതൽ നിയമപരമായി എസ്.യു.വികളല്ല.


ഥാർ ഇനിമുതൽ എസ്.യു.വിയല്ല

ഥാര്‍ എന്തുകൊണ്ടാണ് എസ്‌യുവി പട്ടികയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് നോക്കാം. രാജ്യത്ത് ഇന്ന് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 4×4 എസ്‌യുവികളില്‍ ഒന്നാണിത്. ഇത് റോഡിലും ഓഫ് റോഡിങ്ങിലും കഴിവ് തെളിയിച്ച ഒരു എസ്.യു.വിയാണ്. മാത്രമല്ല ഥാര്‍ ഒരു എസ്.യു.വി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ അത്രമേല്‍ പോപ്പുലറാണ്. എന്നിരുന്നാലും ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ നിര്‍വചനം അനുസരിച്ച് മഹീന്ദ്ര ഥാര്‍ എസ്.യു.വി വിഭാഗത്തില്‍ പെടുന്നില്ല.

ഥാറിന് 226 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്, ഇത് ജിഎസ്ടി കൗണ്‍സില്‍ സൂചിപ്പിച്ച 170 എംഎം പരിധിക്ക് മുകളിലാണ്. മഹീന്ദ്ര ഥാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഈ രണ്ട് എഞ്ചിനുകളും 1,500 സിസിക്ക് മുകളിലുള്ളവയാണ്. എന്നാല്‍ ഇവിടെ ഥാറിന്റെ നീളമാണ് പ്രശ്‌നമായത്. ഥാറിന്റെ മൊത്തത്തിലുള്ള നീളമാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. ഥാറിനെ ഒരു എസ്‌യുവിയായി തരംതിരിക്കാന്‍ വാഹനത്തിന്റെ നീളം 4,000 മില്ലിമീറ്ററില്‍ കൂടുതലായിരിക്കണം.

എന്നാല്‍ മഹീന്ദ്ര ഥാറിന്റെ ആകെ നീളം 3,985 മില്ലിമീറ്റര്‍ മാത്രമാണ്. ഥാര്‍ നീള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍, അതിനെ ഒരു എസ്.യു.വി എന്ന് വിളിക്കാന്‍ കഴിയില്ല. എന്നാൽ ഥാറിന്റെ പ്രധാന എതിരാളിയായ ഫോഴ്സ് ഗൂര്‍ഖ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എസ്‌യുവി എന്ന വിളിപ്പേര് സ്വന്തമാക്കിയിട്ടുണ്ട്.

വില കുറയും

പുതിയ പരിഷ്കരണം കാരണം ഉപഭോക്താക്കൾക്ക് ചില ആനുകൂല്യങ്ങൾ ലഭ്യമാകും. പുതിയ തീരുമാനം വരുന്നതോടെ താങ്ങാവുന്ന വിലയില്‍ സബ്-4m എസ്‌.യു.വികള്‍ വാങ്ങാനാകുന്നൊണ് പ്രതീക്ഷ. സാധാരണ ഒരു എസ്‌.യു.വി വാങ്ങുമ്പോള്‍ നാം സര്‍ക്കാറിന് വാഹന വിലയുടെ ഏകദേശം 50 ശതമാനം നികുതി നൽകുന്നുണ്ട്.


ഒരു എസ്‌യുവിയുടെ യഥാര്‍ത്ഥ വില 10 ലക്ഷം രൂപയാണ് എന്ന് കരുതുക. എന്നാല്‍ അത് സ്വന്തമാക്കാന്‍ ഒരു ഉപഭോക്താവ് ഏകദേശം 15 ലക്ഷം രൂപ മുടക്കേണ്ടി വരുന്നു. അവിടെ അധികമായി 5 ലക്ഷം രൂപയാണ് നികുതി അടക്കുന്നത്. ഈ നികുതികളില്‍ എക്‌സൈസ് നികുതി, വാറ്റ്, റോഡ് നികുതി, മോട്ടോര്‍ വാഹന നികുതി, 20-22% വരെ ജിഎസ്ടി എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ എസ്‌യുവിയുടെ യഥാര്‍ത്ഥ വിലയുടെ 50% വരെ നികുതിയായി മാറുന്നു.

പുതിയ തീരുമാനം വരുന്നതോടെ നിരവധി മോഡലുകൾക്ക് ജിഎസ്ടി 5% വരെ കുറയും. അത് വണ്ടിയുടെ ഓണ്‍റോഡ് വിലയില്‍ പ്രതിഫലിക്കും. പുതുതായി കാര്‍ വാങ്ങുന്നവര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെങ്കിലും ജിഎസ്ടി കൗണ്‍സില്‍ ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്.

നേരത്തേ നാം പറഞ്ഞ പല 'എസ്‌യുവികള്‍ക്കും' ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം കടക്കുന്നുണ്ട്. എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റും നീളത്തിന്റെ കണക്കും ശരിയാണ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് 1,500 സിസി പരിധി ആണോ എന്ന കാര്യത്തില്‍ വ്യക്തത വേണം. ഒരു വാഹനം ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് ഇപ്പോഴും 20-22% ജിഎസ്ടി ആകര്‍ഷിക്കുന്നുണ്ടോ എന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. അങ്ങനെയെങ്കില്‍, ഈ പുതിയ മാനദണ്ഡം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇക്കാര്യങ്ങളില്‍ സമീപ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.


Tags:    
News Summary - GST Council Decides Uniform Definition Of SUV; Brings In New Tax Implications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.