സെഡാനുകളിലെ പ്രീമിയം കാർ എന്ന പദവി ഉറപ്പിക്കാനുറച്ച് വെർന. മാർച്ച് 21ന് പുറത്തിറക്കുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഹ്യൂണ്ടായ് പുറത്തുവിട്ടിട്ടുണ്ട്. അകത്തും പുറത്തും ആഡംബരം നിറച്ചാകും പുതിയ വെർന എത്തുക. ഏപ്രിൽ പകുതിയോടെ വാഹനം ഉപഭോക്താക്കളുടെ പക്കൽ എത്തിത്തുടങ്ങും.
അയോണിക് 5 ന് സമാനമായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകൾ പുതിയ വെർനയിലുണ്ട്. അതിലൊന്ന് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ സ്ക്രീനായി പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും. ബെൻസ് പോലുള്ള ആഡംബര വാഹനങ്ങൾക്ക് സമാനമായാണ് പുതിയ വെർനയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇന്റീരിയറിന് കറുപ്പും ബീജ് നിറങ്ങളും ലഭിക്കും, ഉയർന്ന വേരിയന്റുകളിൽ ലെതറെറ്റ് ഇന്റീരിയർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ എട്ട് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് പകരം ആയിരിക്കും പുതിയ 10.25 ഇഞ്ച് സ്ക്രീൻ. ആർകിമീസ് മ്യൂസിക് സിസ്റ്റത്തിനു പകരം ബോഷിന്റെ എട്ടു സ്പീക്കർ സിസ്റ്റവുമുണ്ട്. സെഗ്‌മെന്റിൽത്തന്നെ ആദ്യമായി, ഇൻഫോടെയിൻമെന്റ് സിസ്റ്റവും എച്ച്‌വിഎസിയും നിയന്ത്രിക്കുന്നതിനായി സ്വിച്ചബിൾ കൺട്രോളാണ് നൽകിയിരിക്കുന്നത്. കൂടാതെ വെന്റിലേറ്റഡ് സീറ്റുകൾ, മുൻ യാത്രക്കാർക്കായുള്ള ഫോൺ ഹോൾഡർ, കൂൾഡ് ഗ്ലൗ ബോക്സ് എന്നിവയുമുണ്ട്.
നിലവിലെ വെർനയെക്കാൾ നീളവും വീതിയുമുണ്ട് പുതിയ മോഡലിന്. പുതിയ വെർനയുടെ നീളം 4535 എംഎമ്മും വീതി 1765 എംഎമ്മും ഉയരം 1475 എംഎമ്മുമാണ്. ബൂട്ട് സ്പെയ്സ് കഴിഞ്ഞ തലമുറയിലുള്ളതിനെക്കാൾ 50 ലീറ്റർ കൂടി വർധിച്ച് 528 ലീറ്ററായി. രണ്ട് 1.5 ലീറ്റർ പെട്രോൾ എൻജിനുകളുണ്ട്. നാച്ചുറലി അസ്പിരേറ്റഡ് എൻജിൻ മോഡലിന്റെ കരുത്ത് 115 എച്ച്പിയും ടർബൊ ചാർജ്ഡിന്റെ കരുത്ത് 160 എച്ച്പിയുമാണ്. എൻഎ മോഡലിന് 6 സ്പീഡ് മാനുവല്‍, സിവിടി ഗിയർബോക്സുകൾ ലഭിക്കുമ്പോൾ ടർബോ ചാർജ്ഡ് പതിപ്പിന് ഡിസിടി ഗിയർബോക്സും ലഭിക്കും.
ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ) തുടങ്ങിയ വകഭേദങ്ങളിൽ പുതിയ വെർന ലഭിക്കും. വേരിയന്റിനെ ആശ്രയിച്ച്, നിലവിലെ മോഡലിനേക്കാൾ ഏകദേശം 60,000 മുതൽ ഒരു ലക്ഷം രൂപ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വിർച്ചസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുകി സിയാസ് എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.