ഇന്ത്യയിലെത്താൻ ഇനിയും രണ്ടാഴ്ച; കിയ കാർണിവലിന് ആദ്യദിനം 1822 പ്രീ-ഓർഡറുകൾ

കിയ കാർണിവലിന്‍റെ പുത്തൻ മോഡലിന്‍റെ പ്രീ-ഓർഡർ ആരംഭിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ബുക്കിങ് ഓർഡറുകൾ സ്വീകരിക്കാൻ ആരംഭിച്ച്, ആദ്യ 24 മണിക്കൂറിൽ 1822 വാഹനപ്രേമികളാണ് ടോക്കൻ അഡ്വാൻസ് നൽകിയത്. രണ്ട് ലക്ഷം രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. മുൻ തലമുതറ കാർണിവലിന് ആദ്യദിനം 1410 ബുക്കിങ്ങാണ് ലഭിച്ചിരുന്നത്. ഒടുവിലിറങ്ങിയ കാർണിവൽ പതിപ്പിന്‍റെ 14,542 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പുതിയ വാഹനം ഒക്ടോബര്‍ മൂന്നിന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മനോഹരമായ ഡിസൈനിൽ തയാറാകുന്ന പുതിയ കിയ കാർണിവലിൽ അത്യാഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എം.പി.വി സെഗ്മെന്‍റിൽ വലിയ കുതിപ്പുണ്ടാക്കാൻ പുതിയ കാർണിവലിന് സാധിക്കുമെന്ന് നിർമാതാക്കൾ പ്രതീക്ഷിക്കുന്നു. 45 മുതൽ 50 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. വാഹനത്തിന്റെ അവതരണം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പല ഡീലര്‍ഷിപ്പുകളിലും കിയ കാര്‍ണിവലിനുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നതായും സൂചനയുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഇനിയങ്ങോട്ട് കാര്‍ണിവലിന്റെ വില്‍പ്പനയെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ആഡംബരത്തിനൊപ്പം ഹൈടെക് ഫീച്ചറുകളുമായിരിക്കും കാര്‍ണിവലില്‍ നല്‍കുക. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രിൽ, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ ഡി.ആര്‍.എല്‍, നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ് ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് മുന്നിലെ പുതുമ. അലോയ് വീലിന്റെ ഡിസൈനാണ് വശങ്ങളിലെ മാറ്റം. കിയയുടെ മറ്റ് വാഹനങ്ങളിലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് പുതിയ കാര്‍ണിവലിലുമുള്ളത്. ബമ്പര്‍ ഉള്‍പ്പെടെയുള്ളവയിലും മാറ്റം പ്രകടമാണ്.

താരതമ്യേന കുറഞ്ഞ വിലയില്‍ പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുന്നുവെന്നതായിരുന്നു കാര്‍ണിവലിന്റെ സവിശേഷത. ഈ വരവിലും വാഹനത്തിന്റെ ഇന്റീയറിലെ ഫീച്ചറുകള്‍ കുറവ് വരുത്തിയിട്ടില്ല. 12.5 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡാഷ്‌ക്യാമറ, റോട്ടറി ഡ്രൈവ് സെലക്ടര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് അപ് ഡിസ്പ്ലേ, 14.6 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ കീ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.

200 ബി.എച്ച്.പി പവറും 440 എന്‍.എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നിരത്തൊഴിഞ്ഞ കിയ കാര്‍ണിവല്‍ എം.പി.വിക്ക് കരുത്തേകിയിരുന്നത്. ഇത് തന്നെയായിരിക്കും പുതിയ മോഡലിലും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തുടര്‍ന്നേക്കും. 2.2 ലിറ്റര്‍ ഡീസല്‍, ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണയോടെ നല്‍കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 3.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരുന്നു കാര്‍ണിവല്‍ വിദേശ നിരത്തുകളില്‍ എത്തിയത്.

Tags:    
News Summary - New Kia Carnival MPV Gets Over 1,800 Pre-Orders In 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.