പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിൽ മാരുതി ഒരുക്കിയിരിക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര. ഹെഡ് അപ്പ് ഡിസ്പ്ലേ പോലെ ഈ വിഭാഗത്തിൽ ആദ്യമായി വരുന്ന പ്രത്യേകതകൾ ബലേനോയിൽ ഉണ്ടെന്ന് മാരുതി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുറത്തുവരുന്നത് കൂടുതൽ ടെക് വിപ്ലവങ്ങളുടെ വാർത്തകളാണ്. പ്രധാന എതിരാളിയായ ഹ്യുണ്ടായ് i20 പരിഷ്കരിച്ചപ്പോൾതന്നെ ബലേനോയിലും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. അതിനുകൂടി പരിഹാരമായാണ് 2022 മോഡൽ നിരത്തിലെത്തുന്നത്.
വലിയ ഇൻഫോടൈൻമെന്റ് സിസ്റ്റം
9.0 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് പുതിയ ബലേനോ വരുന്നത്. വയർലെസ് ആപ്പിൾ കാർ പ്ലെ, ആൻഡ്രോയ്ഡ് ഓട്ടോ, എന്നിവ ഇതിൽ ഉൾപ്പെടുതതിയിട്ടുണ്ട്. കൂടാതെ മാരുതിയുടെ സുസുകി കണക്ടിനേക്കാൾ പ്രവർത്തനക്ഷമതയുള്ള സാങ്കേതികവിദ്യയും വരുമെന്ന് പ്രതീക്ഷിക്കുന്നു. വയർലെസ് ഫോൺ ചാർജിങും വാഹനത്തിൽ മാരുതി വാഗ്ദാനം ചെയ്യും. അലക്‌സ വോയ്‌സ് കമാൻഡുകളാണ് മറ്റൊരു പ്രത്യേകത.
ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കും. കാലാവസ്ഥാ നിയന്ത്രണം, ഇന്ധനക്ഷമത, സമയം, ആർ.പി.എം തുടങ്ങിയവ ഇവ പ്രദർശിപ്പിക്കും. 360-ഡിഗ്രി കാമറയാണ് മറ്റൊരു പ്രത്യേകത. ഇതും സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറാണ്. സി.വി.ടിക്ക് പകരം എ.എം.ടി ഗിയർബോക്സ് ആയിരിക്കും വാഹനത്തിനെന്നും സൂചനയുണ്ട്. സ്വിഫ്റ്റിൽ നിന്നുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീലും ഇത്തവണ ബലോനോക്ക് ലഭിക്കും. കൂടാതെ മുൻനിര മോഡലുകളിൽ ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ, ഇഎസ്പി എന്നിവയും വരുമെന്ന് പ്രതീക്ഷിക്കാം. ഇത്രയും ഫീച്ചറുകൾക്കിടയിലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒഴിവാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
മറ്റ് പ്രത്യേകതകൾ
എൽ.ഇ.ഡികളുടെ ധാരാളിത്തമാണ് വാഹനത്തിൽ കാണാവുന്നത്. എൽ.ഇ.ഡി ഡി.ആർ.എല്ലുകളോട് കൂടിയ പൂർണ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തിന്. കൂടാതെ, ക്രോം ഇൻസേർട്ട് ചെയ്ത പരിഷ്കരിച്ച ഗ്രില്ലും നൽകിയിട്ടുണ്ട്. പുതുക്കിയ എൽ.ഇ.ഡി ഫോഗ് ലൈറ്റുകൾ, എയർ ഡാം, മാറ്റംവരുത്തിയ ഫ്രണ്ട് ബമ്പർ എന്നിവയും ബലേനോയ്ക്ക് ലഭിക്കും.
വാഹനത്തിന്റെ ബുക്കിങ് മാരുതി നേരത്തേ ആരംഭിച്ചിരുന്നു. നെക്സ ഡീലർഷിപ്പുകൾവഴി വാഹനം ബുക്ക് ചെയ്യാം. ഫെബ്രുവരി 20ഓടെ പുതിയ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയുടെ ഗുജറാത്ത് പ്ലാന്റിലാണ് ബലേനോ നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ആദ്യബാച്ച് ബലേനാകൾ നിർമാണം പൂർത്തിയായി പ്ലാന്റിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഈ വർഷം പരിഷ്കരിക്കപ്പെടുന്ന മാരുതി മോഡലുകളിൽ ആദ്യത്തേതായിരിക്കും പുതിയ ബലേനോ. തുടർന്ന് എസ് േക്രാസ്, ബ്രെസ്സ തുടങ്ങിയ മോഡലുകളും പുതുക്കിയിറക്കും.
ഹ്യുണ്ടായ് i20 പോലുള്ള എതിരാളികളെ നേരിടാൻ ബലേനോ മാരുതിയെ സഹായിക്കും. നിലവിലെ കാറിനെ അപേക്ഷിച്ച് 2022 ബലേനോയ്ക്ക് വില കൂടുതലായിരിക്കും. എങ്കിലും ഹ്യുണ്ടായ് i20 യ്‌ക്കെതിരെ ഇപ്പോഴും മത്സരാധിഷ്ഠിത വില നൽകുമെന്ന് മാരുതി അധികൃതർ പറയുന്നു, ഹൈ-സ്പെക് ടർബോ ഓട്ടോമാറ്റിക്കിന് 11.5 ലക്ഷം (എക്സ്-ഷോറൂം) വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബലേനോയെ കൂടുതൽ മത്സരാധിഷ്ഠിതമായി നിലനിർത്താനുള്ള ശ്രമത്തിൽ, വിലകൂടിയ സി.വി.ടി ഓട്ടോമാറ്റിക് നിർത്തലാക്കാനും സിംഗിൾ ക്ലച്ച് ഓട്ടോമാറ്റിക് അല്ലെങ്കിൽ എ.എം.ടി പോലുള്ള മോഡൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. എ.എം.ടി ഗിയർബോക്‌സിലേക്കുള്ള മാറ്റം വാഹനവില ഏകദേശം 60,000 രൂപ വരെ കുറക്കും. പാഡിൽ ഷിഫ്റ്ററുകൾ ബലേനോയിൽ എത്താൻ സാധ്യതയില്ല.
പരിഷ്കരിച്ച സ്വിഫ്റ്റിനെപ്പോലെ ലളിതമായൊരു ഫെയ്‌സ്‌ലിഫ്റ്റല്ല ബലേനോക്ക് ലഭിക്കുന്നത്. ചോർന്ന ചിത്രങ്ങൾ അനുസരിച്ച് മുന്നിലെ വിശാലമായ പുതിയ ഗ്രില്ലും, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും ബോണറ്റും വാഹനത്തിനുണ്ട്. വാഹനത്തിെൻറ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്തു. മുൻവശത്തുനിന്ന് നോക്കുമ്പോൾ, കാർ മുൻഗാമിയേക്കാൾ വീതിയുള്ളതായി തോന്നും. പുതുക്കിയ ടെയിൽഗേറ്റ്, ബമ്പർ, ബൂട്ട്-ലിഡ്, ടെയിൽ-ലാമ്പുകൾ എന്നിവയും മാറ്റങ്ങളിൽപ്പെടും. ആകർഷകമായ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിട്ടുണ്ട്.
എൽ-ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളാണ് മറ്റൊരു പ്രത്യേകത. വേരിയന്റ് അനുസരിച്ച് എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും പ്രൊജക്ടർ ഹെഡ്ലാമ്പ് സജ്ജീകരണവും ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ല് ചിരിക്കുന്ന മുഖം വാഹനത്തിന് നൽകും. ഫ്രണ്ട് ബമ്പറിന് കോൺട്രാസ്റ്റ് ബ്ലാക്ക് പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള വിശാലമായ എയർഡാമും ഇരുവശത്തും ഫോഗ് ലാമ്പ് യൂനിറ്റുകൾക്കായി രണ്ട് പ്രത്യേക കമ്പാർട്ടുമെന്റുകളും ഉണ്ട്.
എഞ്ചിനിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. നിലവിൽ രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. ഒന്ന് 83 എച്ച്‌പി ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്‌പി ഉത്പാദിപ്പിക്കുന്നതുമാണ്. ഇവ അതേപടി നിലനിർത്തുമെന്നാണ് സൂചന. കാറിന്റെ ഫുൾ-ഹൈബ്രിഡ് പതിപ്പിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ടാറ്റ, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ വന്നതോടെയാണ് ബലേനോ പരിഷ്കരിക്കാൻ മാരുതി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.