വാണിജ്യ വാഹന നിരയിലേക്ക് ഡിസയർ ടൂർ എസ് മോഡൽ പുറത്തിറക്കി മാരുതി സുസുകി. ഡിസയർ സെഡാന്റെ വാണിജ്യ പതിപ്പാണ് ടൂർ എസ്. 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, ഫീച്ചറുകൾ എന്നിവയുമായാണ് വാഹനം വരുന്നത്. ടൂർ എസ് സെഡാൻ പെട്രോൾ, സി.എൻ.ജി ഓപ്ഷനുകളിൽ ലഭ്യമാണ്.
മൂന്നാം തലമുറ ഡിസയറിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. എസ്.ടി.ഡി (ഒ), എസ്.ടി.ഡി (ഒ) സിഎൻജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് വാഹനം എത്തുന്നത്. ഇവയുടെ വില യഥാക്രമം 6.51 ലക്ഷം രൂപയും 7.36 ലക്ഷം രൂപയുമാണ്. പുതുക്കിയ മുൻവശവും പിന്നിൽ സ്റ്റൈലിഷ് എൽ.ഇ.ഡി ടെയിൽ ലാമ്പുകളും സിഗ്നേച്ചർ 'ടൂർ എസ്' ബാഡ്‍ജിംഗുമായാണ് വാഹനം വരുന്നത്.
പുതിയ മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ്, സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡാണ്.
സുസുകിയുടെ പുതിയ 1.2 ലിറ്റർ K15C ഡ്യുവൽ ജെറ്റ്, ഡ്യുവൽ വി.വി.ടി പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ. 6000 ആർപിഎമ്മിൽ 89 ബിഎച്ച്പി പവറും 4,400 ആർപിഎമ്മിൽ 113 എൻഎം പീക്ക് ടോർക്കും എഞ്ചിൻ പുറത്തെടുക്കും. സിഎൻജി മോഡിൽ, പവർട്രെയിൻ 6,000 ആർപിഎമ്മിൽ 77 ബിഎച്ച്പിയും 4300 ആർപിഎമ്മിൽ 98.5 എൻഎമ്മും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സാണ് മുൻ ചക്രങ്ങളിലേക്ക് പവർ നൽകുന്നത്.
ടൂർ എസ് പെട്രോൾ പതിപ്പിന്റെ ഇന്ധനക്ഷമത ലിറ്ററിന് 23.15 കിലോമീറ്റർ ആണ്. സിഎൻജി പതിപ്പ് 32.12 km/kg ഇന്ധനക്ഷമത നൽകുന്നു. ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, പോളിൻ ഫിൽട്ടറോടുകൂടിയ മാനുവൽ എയർ കണ്ടീഷനിംഗ്, ഫ്രണ്ട് ആക്സസറി സോക്കറ്റ്, ഐസോഫിക്സ് സീറ്റ് ആങ്കറേജുകൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കിംഗ് എന്നിവ സെഡാന് ലഭിക്കുന്നു. ആർട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സിൽക്കി സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.