ഇന്ത്യയിലെ എസ്.യു.വികളുടെ രാജാവായി വാഴുന്ന ടൊയോട്ട ഫോർച്യൂണറിന് പണികൊടുക്കാൻ ജപ്പാനിൽ നിന്നൊരു എതിരാളി എത്തുന്നു. ആഗോളപ്രശസ്തനായ എസ്.യു.വി എക്സ്-ട്രെയിൽ ആണ് നിസാൻ ഇന്ത്യക്കായി ഒരുക്കുന്നത്. 2022 ഒക്ടോബറിൽ കഷ്‌കായ്, എക്സ്-ട്രെയിൽ, ജൂക്ക് എന്നീഎസ്.യു.വികൾ നിസാൻ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. അതിൽ ആദ്യം ഇന്ത്യൻ നിരത്തിലെത്തുക എക്സ്-ട്രെയിൽ ആയിരിക്കും. ഈ വർഷം അവസാനത്തോടെ വാഹനം അവതരിപ്പിക്കുമെന്നാണ് വിവരം.
ഫുൾ-സൈസ് പ്രീമിയം എസ്.യു.വി വിഭാഗത്തിലെ അതികായനായ ടൊയോട്ട ഫോർച്യൂണറുമായി നേരിട്ട് മത്സരിക്കാനാണ് എക്സ്-ട്രെയിൽ വരുന്നത്. കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച പുതിയ തലമുറ നിസാൻ എക്സ്-ട്രെയിൽ മോഡലാണ് ഇന്ത്യൻ വിപണിക്കായും ഒരുങ്ങുന്നത്. റെനോ-നിസാന്റെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ മോഡലായിരിക്കും ഇത്. അവതരണത്തോട് അനുബന്ധിച്ച് എസ്.യു.വിക്കായുള്ള പരീക്ഷണയോട്ടവും തകൃതിയായി നടക്കുകയാണിപ്പോൾ.
പരിമിതമായ യൂനിറ്റുകളിൽ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് ഇക്കുമതി വാഹനമായാവും ഈ ഫുൾ-സൈസ് എസ്.യു.വി ഇത്തവണ വിൽപ്പനയ്ക്ക് എത്തുക. ഇന്ത്യയിലെ ആദ്യത്തെ നിസാൻ ഇ-പവർ ഹൈബ്രിഡ് മോഡലായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്. പുത്തൻ എക്സ്-ട്രെയിലിനെ ഉത്സവ സീസണിൽ വിപണിയിലെത്തിക്കാനാണ് നിസാന്റെ ശ്രമം. പൂർണമായും ഇറക്കുമതി ചെയ്യുന്നതിനാൽ വില ഏകദേശം 40 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമെന്നാണ് വിലയിരുത്തൽ.
ഷാർപ്പ് ലുക്കിങ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, വി-മോഷൻ ബ്ലാക്ക് ഗ്രിൽ, മസ്‌കുലാർ ബോണറ്റ്, റേക്കഡ് ഫ്രണ്ട് വിൻഡ്‌ഷീൽഡ് എന്നിവയെല്ലാം വാഹനത്തിന്ജാപ്പനീസ് ലുക്ക് നൽകും. പുതിയ എക്സ്-ട്രെയിൽ അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിലാണ് വിൽക്കുന്നത്. ഇ-പവർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാവും വാഹനം നിരത്തിലെത്തുക. 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്തേക്കും.
4680 എം.എം നീളവും 2065 എം.എം വീതിയും 1725 എം.എം ഉയരവും 2750 എം.എം വീൽബേസും 205 എം.എം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, എഡാസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റീവ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, മറ്റ് സുരക്ഷാ സവിശേഷതകൾ തുടങ്ങിയ എല്ലാക്കാര്യങ്ങളും നിസാൻ എക്സ്-ട്രെയിലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.