രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാവാണ് മാരുതി സുസുകി. വർഷങ്ങളായി ഇൗ പദവി കുത്തകയാക്കി വച്ചിരിക്കുന്നതും ഇവർ തന്നെയാണ്. കുറേനാൾ കഴിഞ്ഞ് ഇന്ത്യയിലെ ഏറ്റവുംവലിയ വാഹന പൊളിക്കൽ കമ്പനിയും മാരുതിയെന്ന് പറയാനുള്ള സാധ്യതയുണ്ട്. തങ്ങളുടെ ആദ്യത്തെ വാഹന പൊളിക്കൽ കേന്ദ്രം തുറന്നിരിക്കുകയാണ് മാരുതി സുസുകി. ടൊയോട്ട സുഷോ ഗ്രൂപ്പിനോടൊപ്പം ചേർന്നാണ് സർക്കാർ അംഗീകരിച്ച ആദ്യ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ നോയിഡയിൽ ആരംഭിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കേന്ദ്രം ഉദ്ഘാടനം ചെയ്തു.
44 കോടി മുതൽ മുടക്കിൽ നിർമിച്ച സ്‌ക്രാപ്പേജ് പ്ലാന്റ് കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പേജ് പോളിസി അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. മാസംതോറും 2,000 വാഹനങ്ങൾ പൊളിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഒരു വാഹനം പൊളിക്കാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും.
ഈ വർഷം ഓഗസ്റ്റിലാണ് കേന്ദ്രം സ്‌ക്രാപ്പേജ് പോളിസി പുറത്തിറക്കിയത്. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് (23-ാം ഭേദഗതി) നിയമം 2021 എന്ന ദേശീയ വാഹന സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ് നയമനുസരിച്ച് ചെയ്യുന്നത്. ഇതനുസരിച്ച്, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാക്കും. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് പോളിസി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പഴയ വാഹനങ്ങൾ റദ്ദാക്കാൻ ഉടമകൾ തീരുമാനിക്കുകയാണെങ്കിൽ, പുതിയ വാഹനം വാങ്ങുമ്പോൾ 5 ശതമാനം ഇൻസെന്റീവ് നൽകും.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ആർടിഒ രജിസ്റ്റർ ചെയ്യില്ല. 15 വർഷത്തിലധികം പഴക്കമുള്ള വാഹന ഉടമകൾ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് എട്ടിരട്ടി അധികം ഫീസ് നൽകണം. 15 വർഷത്തിലധികം പഴക്കമുള്ള കാറുകളുടെ പുതുക്കൽ ഫീസായി 5,000 രൂപ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ, 15 വർഷം പഴക്കമുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് നിലവിലെ 300 രൂപക്കുപകരം 1,000 ആകും.
ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്കും കാറുകൾക്കും രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ ചെലവ് വരും. ഇത് യഥാക്രമം 10,000 രൂപ, 40,000 രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള ബസ് അല്ലെങ്കിൽ ട്രക്ക് പോലുള്ള പൊതു, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും നിലവിലുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതൽ ചിലവ് വരും. പുതുക്കൽ ഫീസ് 10,000 മുതൽ 12,500 വരെ ആയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് സ്ക്രാപ്പേജ് നയമെന്നും പഴയ കാറുകൾ പുതിയ കാറുകളേക്കാൾ മലിനീകരണം കൂടുതലാണെന്നും അതിനാൽ അവ ഘട്ടം ഘട്ടമായി നിർത്തേണ്ടതുണ്ടെന്നും പുതിയ കേന്ദ്രം ഉദ്ഘാടം ചെയ്തുകൊണ്ട് മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. സ്ക്രാപ്പേജ് പോളിസി കാരണം വിൽപ്പന 10-12% വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പല രാജ്യങ്ങളെയും പോലെ, ഓരോ 3-4 വർഷത്തിലും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന നയം നമുക്കും ആവശ്യമാണെന്നും 15 വർഷം കാത്തിരിക്കേണ്ടതില്ലെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരം ഏതാനും വാഹന പുനരുപയോഗ അല്ലെങ്കിൽ സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളെങ്കിലും ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി ഗഡ്‍കരി പറഞ്ഞു. ഇത്തരമൊരു നീക്കം പഴയ കാറുകൾ ഒഴിവാക്കുന്ന പ്രക്രിയ ലഘൂകരിക്കുമെന്ന് മാത്രമല്ല, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും വാഹന മലിനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.