നെടുങ്കണ്ടം: ഒരുകാലത്ത് ഹൈറേഞ്ചിന്‍റെ മൺപാതകളിലൂടെ കുതിച്ചുപാഞ്ഞ പടക്കുതിരകളായിരുന്ന ജീപ്പുകൾക്ക് ഹൈറേഞ്ചിൽ ഇന്നും താരപരിവേഷം. ഹൈറേഞ്ചിന്‍റെ പ്രധാന പട്ടണങ്ങളിലെല്ലാം പുതിയ റോഡുകളും നാഗരികതയും കടന്നുവന്നിട്ടും പാതകളിൽ ജീപ്പുകളുടെ പ്രതാപം റിവേഴ്സ് ഗിയറിലായിട്ടില്ല.മലമടക്കുകളിലെ ദുര്‍ഘട പാതകൾ കീഴടക്കി ജീപ്പുകൾ കുതിച്ചുപായുന്നത് കാണാന്‍ തന്നെ പ്രത്യേക ചന്തമാണ്.
ഇടുക്കിയുടെ ഔദ്യോഗിക വാഹനം ഏത് എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ജീപ്പാണ്. ഗതാഗതവും ചരക്ക് നീക്കവും തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സായും അവശ്യഘട്ടങ്ങളിൽ അത്താണിയായും ജീപ്പ് ഹൈറേഞ്ചുകാര്‍ക്ക് ഒപ്പമുണ്ട്.
പാറകൾക്ക് മുകളിലൂടെയും ഒരു കല്ലിൽനിന്ന് മറ്റൊന്നിലേക്ക് ചാടിയും ചരിഞ്ഞും ഉലഞ്ഞും നീങ്ങുന്ന ജീപ്പിൽ ഇടുക്കിയുടെ ഗ്രാമീണക്കാഴ്ചകള്‍ ആസ്വദിച്ച് ഒന്ന് കറങ്ങാൻ കൊതിക്കുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇന്നും ഏറെയാണ്.
ഏലച്ചെടികള്‍ അതിർത്തി പങ്കിടുന്ന കാര്‍ഷികസമൃദ്ധിയുടെ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകാൻ ചെമ്മണ്ണാറിൽ ഒമ്പത് ഡ്രൈവർമാരുടെ കൂട്ടായ്മയുണ്ട്. തോട്ടം മേഖലയിലെ ജീവിത നേർക്കാഴ്ചകളിലൂടെയാണ് ഇവർ ഒരുക്കുന്ന യാത്ര. മൂന്നാറിൽനിന്ന് തേക്കടിയിലേക്ക് പോകുന്ന സഞ്ചാരികൾ കൂടുതലായി ചെമ്മണ്ണാർ പാതയിലൂടെ യാത്ര ചെയ്ത് തുടങ്ങിയതോടെയാണ് ഡ്രൈവർമാർ ജീപ്പ് സഫാരിക്ക് സൗകര്യം ഒരുക്കിയത്.
ഇരുവശത്തും ഏലച്ചെടികൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന മൺപാത പിന്നിട്ട് ഏകദേശം നാല് കിലോമീറ്റലധികമാണ് സഫാരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലമുകളിലെത്തി മനോഹരമായ ഉദയാസ്തമയ കാഴ്ചകൾ ആസ്വദിക്കാം. വറ്റാത്ത ആമ്പൽക്കുളവും ശിലായുഗ കാലഘട്ടത്തിലെ ശേഷിപ്പുകളും സഹ്യപർവത നിരയുടെ വിശാലമായ കാഴ്ചകളുമൊക്കെ മലമുകളിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. ഗ്യാപ് റോഡും പൊന്മുടി തടാകവും ചതുരംഗപ്പാറ കാറ്റാടിപ്പാടവും ഹൈറേഞ്ചിലെ കാർഷിക ഗ്രാമങ്ങളുമെല്ലാം ഇവിടെ നിന്നാൽ കാണാം.
ഗ്രാമീണ മേഖലയുടെ ടൂറിസം വികസനം ലക്ഷ്യംവെച്ചാണ് ഡ്രൈവർമാരുടെ കൂട്ടായ്മ ജീപ്പ് സഫാരി ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തും തോട്ടം ഉടമകളും ഇവർക്കൊപ്പമുണ്ട്. നാല് കിലോമീറ്റർ സഫാരിക്ക് 1500 രൂപയാണ് നിരക്ക്. കർഷകരുടെ സഹകരണത്തോടെ ഏലം കൃഷിയുടെ അറിവുകൾ സഞ്ചാരികൾക്ക് പകർന്നു നൽകാനും ഇവർ പദ്ധതി ഒരുക്കുന്നുണ്ട്.ജീപ്പിന്‍റെ പ്രതാപത്തിന് ഇവിടെ റിവേഴ്സ് ഗിയറില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.