ഇ.വികളിലെ പുതിയ താരമായി ഒകായ ഫ്രീഡം. ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ് ഒകായ ഫ്രീഡം അവകാശപ്പെടുന്നത്. പേപ്പറിലെ കണക്ക് നിരത്തിലും ലഭിച്ചാൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇ.വി സ്കൂട്ടർ ഫ്രീഡം ആയിരിക്കും. വിലയിലും വലിയ വിപ്ലവമാണ് ഒകായ സൃഷ്ടിക്കുന്നത്. അടിസ്ഥാന വേരിയൻറിന് 69,900 രൂപയാണ് എക്സ്ഷോറൂം വില. പക്ഷേ ഇതിന് 250 കിലോമീറ്റർ പരിധി ലഭിക്കുന്നില്ല. 250 കിലോമീറ്റർ പരിധി നേടണമെങ്കിൽ ഉയർന്ന വേരിയൻറ് വാങ്ങണം.
മൊത്തം നാല് വകഭേദങ്ങളും 12 കളർ ഓപ്ഷനുകളുമാണ് വാഹനത്തിന് ഉണ്ടാവുക. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാൻറിലാണ് ഒകായ ഫ്രീഡം നിർമിക്കുന്നത്. നിലവിൽ ഒകായയുടെ വാഹനനിരയിൽ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ട്. ഫ്രീഡത്തിനെക്കൂടാതെ അവിയോൺ െഎ.ക്യൂ സീരീസ്, ക്ലാസിക് ഐക്യു സീരീസ് എന്നിവയാണ് മറ്റുള്ളവ. ലെഡ്-ആസിഡ് ബാറ്ററികളോ ലിഥിയം അയൺ ബാറ്ററികളോ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫ്രീഡം ലഭിക്കും.
വിവധതരം ബാറ്ററികളിലും മോേട്ടാറുകളിലും ഒകായ ഇ.വികൾ ലഭ്യമാണ്. 250 വാട്ട് ബിഎൽഡിസി ഹബ് മോട്ടോറാണ് ഒകായ ചില മോഡലുകളിൽ ഉപയോഗിക്കുന്നത്. ഫ്രീഡത്തിന് 25 കിലോമീറ്റർ വേഗത നൽകാൻ ഈ മോട്ടോറിന് കഴിയും. ഇൗ സ്കൂട്ടറിന് 70-80 കിലോമീറ്റർ റൈഡിങ് റേഞ്ചും ലഭിക്കും. ഒരു ഹൈ സ്പീഡ് വേരിയൻറും 250 കിലോമീറ്റർ റേഞ്ചുള്ള വേരിയൻറും ഫ്രീഡത്തിനുണ്ടാകും. 48 വോൾട്ട് 30 എ.എച്ച് ലിഥിയം അയൺ ബാറ്ററി പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും. മറുവശത്ത് ലെഡ് ആസിഡ് ബാറ്ററി പതിപ്പ് ചാർജ് ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ എടുക്കും.
ഫ്രീഡത്തിൽ നിരവധി ആധുനിക സംവിധാനങ്ങളും നലകിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നതിനുള്ള റിവേഴ്സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ്, വീൽ ലോക്, ആൻറി-തെഫ്റ്റ് അലാറം, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും വാഹനത്തിലുണ്ട്. ബ്രേക്കിങ് ചുമതലകൾക്കായി മുൻവശത്ത് ഒരു ഡിസ്കും പിന്നിൽ ഒരു ഡ്രമ്മും നൽകിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്.
14 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒകായ ലക്ഷ്യമിടുന്നതാണ് കമ്പനി അധികൃതർ പറയുന്നു. പുതിയ ബി.ടു.ബി വാഹനങ്ങളും അതിവേഗ മോട്ടോർസൈക്കിളും ഇതിൽ ഉണ്ടാകും. ഒകായയ്ക്ക് ഇതിനകം രാജ്യത്തുടനീളം 120 ഡീലർഷിപ്പുകളുണ്ട്. 800 എണ്ണം കൂടി തുടങ്ങാൻ അവർ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.